ബെല്ലാരി: നവജാത ശിശുവിനെ ഒന്നര ലക്ഷം രൂപയ്ക്ക് വിറ്റ സംഭവത്തില്‍ നാലുപേര്‍ അറസ്റ്റില്‍. ബെല്ലാരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് (ബിംസ്) ആശുപത്രിയില്‍ നിന്നാണ് കുട്ടിയെ പ്രതികള്‍ വില്‍ക്കാന്‍ നോക്കിയത്. ഷാമിന്‍ ഇസ്മായില്‍ (25), ഇസ്മായില്‍ യാക്കോബ് സാബ് (65), ബാഷ സാബ് (55), ബസവരാജ് സജ്ജന്‍ (43) എന്നിവരാണ് അറസ്റ്റിലായത്. പ്രതികള്‍ക്കെതിരെ ഐപിസി 137(2), 143(4), 3(5), ബിഎന്‍എസ്-2003 എന്നീ വകുപ്പുകള്‍ പ്രകാരം ഒന്നിലധികം കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലിസ് പറഞ്ഞു.
ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളുടെയും മറ്റുസാങ്കേതിക തെളിവുകളുടെയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിജയനഗറില്‍ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ രണ്ടുആശാ വര്‍ക്കര്‍മാരുള്‍പ്പെടെ നാലുപേരെ അടുത്തിടെ അറസ്റ്റ് ചെയ്തിരുന്നു. പ്രതി 10,000 രൂപയ്ക്കാണ് കുഞ്ഞിനെ വിറ്റത്.ഇതിനുപിന്നാലെയാണ് പുതിയ സംഭവം. കുട്ടിയെ തട്ടികൊണ്ടു പോയതിനു ശേഷം വില്‍ക്കാന്‍ ശ്രമിക്കവെയാണ് പ്രതികള്‍ പോലിസ് പിടിയിലായത്.