മഡൂറോയെ തടവിലാക്കിയത് അന്താരാഷ്ട്ര നിയമലംഘനമെന്ന് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി

Update: 2026-01-04 05:06 GMT

ന്യൂയോര്‍ക്ക്: വെനിസ്വേലന്‍ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യ സിലിയ ഫ്‌ളോറസിനെയും തടവിലാക്കിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിയെ ശക്തമായി വിമര്‍ശിച്ച് ന്യൂയോര്‍ക്ക് മേയര്‍ സൊഹ്‌റാന്‍ മംദാനി. പരമാധികാര രാഷ്ട്രത്തിനെതിരായ ഏകപക്ഷീയ സൈനിക ഇടപെടല്‍ യുദ്ധത്തിന് തുല്യമാണെന്നും ഇത് അമേരിക്കന്‍ നിയമത്തിന്റെയും അന്താരാഷ്ട്ര നിയമത്തിന്റെയും ഗുരുതരമായ ലംഘനമാണെന്നും മംദാനി എക്‌സില്‍ കുറിച്ചു. ഭരണമാറ്റം ലക്ഷ്യമിട്ടുള്ള നടപടിയാണിതെന്ന് വിലയിരുത്തിയ മംദാനി, ഇതിന്റെ പ്രത്യാഘാതങ്ങള്‍ വെനിസ്വേലയുടെ അതിര്‍ത്തികള്‍ക്കപ്പുറം വ്യാപിക്കുമെന്ന് മുന്നറിയിപ്പ് നല്‍കി. 'ഈ നടപടി വിദേശത്തുള്ളവരെ മാത്രമല്ല ബാധിക്കുന്നത്. ഈ നഗരത്തെ സ്വന്തം നാട് എന്ന് വിളിക്കുന്ന പതിനായിരക്കണക്കിന് വെനിസ്വേലക്കാര്‍ ഉള്‍പ്പെടെ ന്യൂയോര്‍ക്ക് നിവാസികളെ ഇത് നേരിട്ട് ബാധിക്കുന്നു,' അദ്ദേഹം പറഞ്ഞു.

അമേരിക്കയിലെ ഏറ്റവും വലിയ വെനിസ്വേലന്‍ സമൂഹങ്ങളിലൊന്നാണ് ന്യൂയോര്‍ക്കിലേത്. രാഷ്ട്രീയ അസ്ഥിരതയും സാമ്പത്തിക തകര്‍ച്ചയും മൂലം പലായനം ചെയ്തവരാണ് ഇവരില്‍ പലരും. മഡൂറോയെ യുഎസ് സൈന്യം പിടികൂടിയതോടെ കുടിയേറ്റ സമൂഹങ്ങള്‍ക്കിടയില്‍, പ്രത്യേകിച്ച് വെനിസ്വേലയില്‍ നിന്നുള്ളവര്‍ക്കിടയില്‍, ഭയവും അനിശ്ചിതത്വവും വര്‍ധിക്കുമെന്ന് മംദാനി അഭിപ്രായപ്പെട്ടു. നഗരത്തിലെ പൊതുജന സുരക്ഷയാണ് തന്റെ ഭരണകൂടത്തിന്റെ പ്രാഥമിക പരിഗണനയെന്ന് മേയര്‍ വ്യക്തമാക്കി. സ്ഥിതിഗതികള്‍ സുരക്ഷാ ഏജന്‍സികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും ആവശ്യമായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, യുഎസ് സൈന്യം പിടികൂടിയ മഡൂറോയെയും ഭാര്യയെയും ന്യൂയോര്‍ക്കില്‍ എത്തിച്ചതായി അധികൃതര്‍ അറിയിച്ചു. മയക്കുമരുന്ന്, ഭീകര ഗൂഢാലോചന, കൊക്കെയ്ന്‍ ഇറക്കുമതി ഗൂഢാലോചന, ആയുധ കുറ്റകൃത്യങ്ങള്‍ തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇരുവര്‍ക്കുമെതിരേ ചുമത്തിയിരിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ ഡെല്‍റ്റ ഫോഴ്‌സ് നടത്തിയ വന്‍ സൈനിക നടപടിയിലൂടെയാണ് മഡൂറോയെയും ഭാര്യയെയും കസ്റ്റഡിയിലെടുത്തത്. മാസങ്ങളായി തുടരുന്ന സമ്മര്‍ദങ്ങള്‍ക്കും ഭീഷണികള്‍ക്കും ഒടുവിലാണ് യുഎസ് സേന വെനിസ്വേലയിലേക്ക് കടന്നുകയറിയത്. തലസ്ഥാനമായ കാരക്കാസില്‍ വ്യോമാക്രമണത്തിന് പിന്നാലെ കരയാക്രമണം നടത്തി മഡൂറോയെയും ഭാര്യയെയും പിടികൂടുകയായിരുന്നു. ഇരുവരുടെയും ജീവന്‍ സുരക്ഷിതമാണെന്ന തെളിവ് നല്‍കണമെന്ന് വെനിസ്വേലന്‍ വൈസ് പ്രസിഡന്റ് ഡെല്‍സി റോഡ്രിഗസ് ആവശ്യപ്പെട്ടു. ഇത് സാമ്രാജ്യത്വ ആക്രമണമാണെന്ന് വിശേഷിപ്പിച്ച വെനിസ്വേലന്‍ സര്‍ക്കാര്‍ ജനങ്ങളോട് തെരുവിലിറങ്ങാന്‍ ആഹ്വാനം ചെയ്തു.

വെനിസ്വേലയില്‍ ശരിയായ അധികാര കൈമാറ്റം യാഥാര്‍ഥ്യമാകുന്നതുവരെ രാജ്യം യുഎസ് ഭരിക്കുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വ്യക്തമാക്കി. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം നിലപാട് അറിയിച്ചത്. മഡൂറോ രണ്ടു കേസുകളില്‍ വിചാരണ നേരിടേണ്ടിവരുമെന്നും ആവശ്യമായാല്‍ വെനിസ്വേലയ്‌ക്കെതിരേ കൂടുതല്‍ സൈനിക നടപടി സ്വീകരിക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി.

Tags: