യുകെയിലെ മുസ്‌ലിം വിരുദ്ധതയെ നേരിടാനുള്ള സമിതിയില്‍ ബ്രിട്ടീഷ് മുസ്‌ലിം ട്രസ്റ്റും

Update: 2025-07-22 04:05 GMT

ലണ്ടന്‍: യുകെയിലെ മുസ്‌ലിം വിരുദ്ധതയെ നേരിടാനുള്ള സമിതിയില്‍ ബ്രിട്ടീഷ് മുസ്‌ലിം ട്രസ്റ്റിനെ ഉള്‍പ്പെടുത്തി സര്‍ക്കാര്‍. ഇസ്‌ലാമോഫോബിയ റിപോര്‍ട്ടിങ് സര്‍വീസായ ടെല്‍ മാമയുമായുള്ള കരാര്‍ അവസാനിച്ചതിനെ തുടര്‍ന്നാണ് ബ്രിട്ടീഷ് മുസ്‌ലിം ട്രസ്റ്റിനെ ഉള്‍പ്പെടുത്തിയത്. ഏകദേശം 69 കോടി രൂപയായിരിക്കും സര്‍ക്കാര്‍ ട്രസ്റ്റിന് നല്‍കുക. ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ ഇസ്‌ലാമോഫോബിയ കണ്ടെത്തുക, ഇരകള്‍ക്ക് സഹായം നല്‍കുക, ബോധവല്‍ക്കരണം നടത്തുക എന്നിവയാണ് ട്രസ്റ്റിന്റെ ചുമതല.

അസീസ് ഫൗണ്ടേഷനും രണ്‍ദെരീ ചാരിറ്റബിള്‍ ട്രസ്റ്റും ചേര്‍ന്നാണ് ബ്രിട്ടീഷ് മുസ്‌ലിം ട്രസ്റ്റ് രൂപീകരിച്ചത്. അഖീല അഹമദാണ് ചീഫ് എക്‌സിക്യൂട്ടീവ്. ബ്രിട്ടീഷ് മുസ്‌ലിം നെറ്റ്‌വര്‍ക്കിന്റെ സ്ഥാപക കൂടിയാണ് അഖീല.


ഇംഗ്ലണ്ടിലും വെയ്ല്‍സിലും മുസ്‌ലിംകള്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ധിച്ചതെന്ന് ദേശീയ പോലിസ് ഉപദേഷ്ടാവായ പോള്‍ ഗിയാന്നസി പറഞ്ഞു. ഇത് സമൂഹത്തിന് ദോഷമാണെന്ന് അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് മുസ്‌ലിം ട്രസ്റ്റിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതിനെ അല്‍ ഖാഹിര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഇമാം ഖാസിം സ്വാഗതം ചെയ്തു.