ന്യൂഡല്‍ഹി: രാജ്യത്ത് പുതിയ പാന്‍ കാര്‍ഡിന് അപേക്ഷിക്കുന്നതിനുള്ള നടപടിക്രമങ്ങളില്‍ 2026 ഏപ്രില്‍ ഒന്നു മുതല്‍ സമഗ്രമായ മാറ്റങ്ങള്‍ നടപ്പിലാക്കുന്നു. അപേക്ഷാ ഫോമുകളിലും ആവശ്യമായ രേഖകളിലും വലിയ പരിഷ്‌കാരങ്ങളാണ് വരുന്നത്. നിലവില്‍ ആധാര്‍ കാര്‍ഡ് മാത്രം ഉപയോഗിച്ച് ലളിതമായി അപേക്ഷിക്കാനാകുമ്പോള്‍, പുതിയ നിയമപ്രകാരം അധിക രേഖകള്‍ സമര്‍പ്പിക്കല്‍ നിര്‍ബന്ധമാകും. 2026 മാര്‍ച്ച് 31 വരെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് എളുപ്പത്തില്‍ പാന്‍ കാര്‍ഡിന് അപേക്ഷിക്കാനാകും. എന്നാല്‍ ഏപ്രില്‍ മുതല്‍ ജനന തിയ്യതി സ്ഥിരീകരിക്കാന്‍ ആധാറിനൊപ്പം ജനന സര്‍ട്ടിഫിക്കറ്റ്, വോട്ടര്‍ ഐഡി, പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്, എസ്എസ്എല്‍സി ബുക്ക് എന്നിവയില്‍ ഏതെങ്കിലും ഒരു രേഖ കൂടി നല്‍കണം.
പുതിയ ചട്ടങ്ങള്‍പ്രകാരം, പാന്‍ കാര്‍ഡിലെ പേരും ആധാര്‍ കാര്‍ഡിലെ പേരും അക്ഷരത്തെറ്റുകളില്ലാതെ കൃത്യമായി പൊരുത്തപ്പെടണം. ചെറിയ വ്യത്യാസങ്ങള്‍ പോലും അപേക്ഷ നിരസിക്കാന്‍ കാരണമാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. നിലവിലുള്ള അപേക്ഷാ ഫോമുകള്‍ മാര്‍ച്ച് 31ഓടെ പിന്‍വലിക്കുകയും, ഏപ്രില്‍ ഒന്നു മുതല്‍ പുതുക്കിയ ഫോമുകള്‍ മാത്രമേ ലഭ്യമാകുകയുള്ളൂ. കേന്ദ്ര ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള കോമണ്‍ സര്‍വീസ് സെന്ററുകള്‍ (സിഎസ്സി) ആണ് ഈ നിര്‍ദേശങ്ങള്‍ പുറത്തുവിട്ടത്. കൂടുതല്‍ വിവരങ്ങള്‍ക്കും സംശയങ്ങള്‍ക്കും ബന്ധപ്പെട്ട ഇ മെയില്‍ വഴി ബന്ധപ്പെടാവുന്നതാണ്.
പുതിയ സംവിധാനത്തില്‍ ഇ-കെവൈസി നടപടിക്രമങ്ങളും കൂടുതല്‍ കര്‍ശനമാക്കും. ആധാറുമായി ബന്ധിപ്പിച്ച മൊബൈല്‍ നമ്പറിലേക്ക് വരുന്ന ഒടിപി വഴി മാത്രമേ അപേക്ഷ പൂര്‍ത്തിയാക്കാന്‍ കഴിയൂ. നിലവില്‍ പാന്‍ കാര്‍ഡ് ഉള്ളവര്‍ക്ക് പുതിയ നിയമങ്ങള്‍ ബാധകമല്ലെങ്കിലും, വിവരങ്ങളില്‍ തിരുത്തല്‍ വരുത്തുമ്പോള്‍ ഈ ചട്ടങ്ങള്‍ ബാധകമായേക്കും. ഇന്ത്യയില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന പ്രവാസികള്‍ക്കും പുതിയ രേഖാ സമര്‍പ്പണ നിയമങ്ങള്‍ ബാധകമാകും. ഇവര്‍ക്ക് പാസ്‌പോര്‍ട്ട് പ്രധാന രേഖയായി സമര്‍പ്പിക്കേണ്ടി വരും. അധിക നടപടിക്രമങ്ങള്‍ ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവര്‍ മാര്‍ച്ച് 31നു മുന്‍പായി അപേക്ഷകള്‍ പൂര്‍ത്തിയാക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചു.

