ദോഹ: വിഖ്യാത ചിത്രകാരനായിരുന്ന മഖ്ബൂല്‍ ഫിദാ ഹുസൈന് വേണ്ടിയുള്ള മ്യൂസിയം നവംബര്‍ 28ന് തുറക്കും. ഖത്തര്‍ ഫൗണ്ടേഷന്റെ എജുക്കേഷന്‍ സിറ്റിയിലാണ് മ്യൂസിയം സ്ഥാപിച്ചിരിക്കുന്നത്. ആഴത്തിലുള്ള ഒരു കലാനുഭവം പ്രദാനം ചെയ്യുന്ന മ്യൂസിയം, ഹുസൈന്റെ ലോകത്തേക്ക് കടന്നുചെല്ലാനും അദ്ദേഹത്തിന്റെ കലാ യാത്രയെ രൂപപ്പെടുത്തിയ സ്വാധീനങ്ങള്‍, തത്ത്വചിന്തകള്‍, ഓര്‍മ്മകള്‍ എന്നിവ പര്യവേക്ഷണം ചെയ്യാനും സന്ദര്‍ശകരെ സഹായിക്കും.
ഖത്തര്‍ ഫൗണ്ടേഷന്റെ ചെയര്‍പേഴ്സണ്‍ ഷെയ്ഖ മോസ ബിന്‍ത് നാസര്‍, അറബ് നാഗരികതയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഹുസൈനെ ചുമതലപ്പെടുത്തിയിരുന്നു. മരണത്തിന് മുമ്പ് അദ്ദേഹം ഇതില്‍ 35-ലധികം ചിത്രങ്ങള്‍ പൂര്‍ത്തിയാക്കി. അവയില്‍ ചിലത് ഈ മ്യൂസിയത്തിലുണ്ടാവും. ഹുസൈന്‍ ഒരു ചിത്രത്തില്‍ വരച്ച കെട്ടിടമാണ് മ്യൂസിയത്തിന് മാതൃകയാക്കിയത്. മാനവികതയുടെ പുരോഗതിയെ ആഘോഷിക്കുന്ന ഹുസൈന്റെ അവസാന മാസ്റ്റര്‍പീസ് മ്യൂസിയത്തിന്റെ ഭാഗമാകും.