ന്യൂ മാഹി ഇരട്ടകൊലക്കേസ്; പ്രതികളായ 14 സിപിഎം പ്രവര്‍ത്തകരെ വെറുതെ വിട്ടു

ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ട കേസിലാണ് 16 പ്രതികളെയും കോടതി വെറുതെ വിട്ടത്. കേസിലെ രണ്ടുപ്രതികള്‍ വിചാരണക്കിടെ മരിച്ചിരുന്നു

Update: 2025-10-08 06:06 GMT

കണ്ണൂര്‍: ന്യൂ മാഹി ഇരട്ടകൊലക്കേസില്‍ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ട് കോടതി. ആര്‍എസ്എസ് പ്രവര്‍ത്തകരായ ഷിനോജ്, വിജിത്ത് എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് സിപിഎം പ്രവര്‍ത്തകരായ 16 പ്രതികളെയും വെറുതെ വിട്ടത്. കേസിലെ രണ്ടുപ്രതികള്‍ വിചാരണക്കിടെ മരിച്ചിരുന്നു. ബാക്കിയുള്ള 14 പ്രതികളേയും കോടതി വെറുതെ വിടുകയായിരുന്നു.

ന്യൂമാഹി പെരിങ്ങാടി റോഡില്‍ കല്ലായിയില്‍ വെച്ച് ആര്‍എസ്എസ് പ്രവര്‍ത്തകരെ ബൈക്ക് തടഞ്ഞുനിര്‍ത്തി ബോംബെറിഞ്ഞ് വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് വിധി. 2010 മെയ് 28നാണ് സംഭവം നടന്നത്. കേസില്‍ ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികളായ കൊടിസുനി, മുഹമ്മദ് ഷാഫി, ഷിനോജ് എന്നിവരും പ്രതികളാണ്. തലശ്ശേരി അഡീഷണല്‍ ജില്ല സെഷന്‍സ് കോടതിയുടെതാണ് വിധി.

കഴിഞ്ഞ ജനുവരി 22നാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റം പ്രോസിക്യൂഷന് തെളിയിക്കാന്‍ കഴിയാത്തതോടെയാണ് പ്രതികളെ വെറുതെവിടാന്‍ കോടതി തീരുമാനിച്ചത്. പബ്ലിക് പ്രോസിക്യൂട്ടറായി പ്രേമരാജനാണ് ഹാജരായത്. പ്രതികള്‍ക്ക് വേണ്ടി സികെ ശ്രീധരനും കെ വിശ്വനും ഹാജരായി.