ന്യൂഡല്‍ഹി: നവകേരള സര്‍വേയ്ക്ക് സംസ്ഥാന സര്‍ക്കാര്‍ ചെലവിട്ട തുക 13 കോടിയെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍. സര്‍വേയ്ക്കുവേണ്ടി അനുവദിച്ചത് 20 കോടിരൂപയായിരുന്നു. അതില്‍ 13.04 കോടി രൂപയാണ് ഇതുവരെ ചെലവഴിച്ചത്. നവകേരള സര്‍വേയുടെ ബ്രോഷറിന് 5.54 കോടി ചെലവായി. കത്തിന് ഒരു കോടിയും ചെലവായി. വോളണ്ടിയര്‍മാരുടെ യാത്രയ്ക്ക് 1.45 കോടി രൂപ ചെലവായെന്നും സര്‍ക്കാര്‍ കണക്കില്‍ വ്യക്തമാക്കുന്നു. നാളെ സുപ്രിംകോടതിയുടെ പരിഗണനയ്ക്ക് ഹരജി വരുന്നുണ്ട്. ഇതിന് മുന്നോടിയായിട്ടാണ് കണക്ക് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചത്.
സംസ്ഥാന സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നതിന് വേണ്ടിയാണ് നവകേരള സര്‍വ്വേക്ക് സര്‍ക്കാര്‍ തുടക്കം കുറിച്ചത്. 20 കോടി രൂപ ഇതിനായി വകയിരുത്തിയിരുന്നു. നവ കേരള സര്‍വേ ഹൈക്കോടതി റദ്ദാക്കിയിരുന്നു. പിന്നീട് സുപ്രിംകോടതി സര്‍വേയ്ക്ക് അനുമതി നല്‍കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന സര്‍വേ വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മാത്രമല്ല, നവകേരള സര്‍വേ ധൂര്‍ത്താണെന്നും പൊതുജനത്തിന്റെ പണം ദുരുപയോഗം ചെയ്യുന്നതാണെന്നും ആരോപിച്ച് സുപ്രിംകോടതിയില്‍ ഹരജിയും സമര്‍പ്പിക്കപ്പെട്ടു.
ക്ഷേമപദ്ധതികള്‍ ജനങ്ങളിലേക്ക് എത്രത്തോളം എത്തി എന്ന് അറിയുന്നതിനായി സര്‍ക്കാര്‍ സര്‍വേ നടത്തുന്നതില്‍ തെറ്റില്ലെന്നായിരുന്നു കോടതി വിലയിരുത്തിയത്. കൂടാതെ, ചെലവായ പണത്തെക്കുറിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാനും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സര്‍ക്കാര്‍ കോടതിയില്‍ കണക്ക് സംബന്ധിച്ച സത്യവാങ്മൂലം നല്‍കിയത്.
