കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരന്‍ വരുന്നു; ഈഴവ ഉദ്യോഗാര്‍ഥിക്ക് അഡൈ്വസ് മെമ്മോ
തൃശ്ശൂര്‍: ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ പുതിയ കഴകക്കാരനെ നിയമിക്കാന്‍ നടപടികള്‍ ആരംഭിച്ചു. ഈഴവ വിഭാഗത്തില്‍നിന്നുതന്നെയുള്ള ഉദ്യോഗാര്‍ഥിയ്ക്ക് അഡൈ്വസ് മെമ്മോ അയച്ചു. ജാതിവിവേചനത്തെത്തുടര്‍ന്ന് തിരുവനന്തപുരം സ്വദേശി ബി എ ബാലു രാജിവെച്ച ഒഴിവിലേക്കാണ് പുതിയ നിയമനം. പട്ടികയിലെ അടുത്ത ഊഴക്കാരനായ ചേര്‍ത്തല സ്വദേശി കെ എസ് അനുരാഗിനാണ് മെമ്മോ അയച്ചത്.
കൂടല്‍മാണിക്യം ദേവസ്വമാണ് നിയമനം നടത്തേണ്ടത്. കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ രണ്ട് കഴകം തസ്തികയാണുണ്ടായിരുന്നത്. ഒന്ന് പാരമ്പര്യമായി തന്ത്രി നിര്‍ദേശിക്കുന്ന ആള്‍. മറ്റൊന്ന് ദേവസ്വം നിയമിക്കുന്ന ആളും. പാരമ്പര്യ തസ്തികയില്‍ ആളില്ലാതിരുന്നതിനാല്‍ 2020 മുതല്‍ താത്കാലികമായി ദിവസവേതനത്തിനാണ് കഴകം ജോലിക്കായി ആളെ നിയമിച്ചിരുന്നത്.