ഷാഫി പറമ്പിലിന് എതിരായ പോലിസ് അതിക്രമത്തെ കുറിച്ചുള്ള പോസ്റ്റ്; ആബിദ് അടിവാരത്തിനെതിരേ കേസ്
കോഴിക്കോട്: വടകര എംപി ഷാഫി പറമ്പിലിനെ പോലിസ് ആക്രമിച്ചതിനെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ട ആബിദ് അടിവാരത്തിനെതിരേ കേസെടുത്ത് പോലിസ്. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പ് ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.
കേസിനാസ്പദമായ പോസ്റ്റ്-ഒക്ടോബര്‍ പതിനൊന്നിന് പോസ്റ്റ് ചെയ്തത്.
'' കേരളത്തില്‍ ആകെ 564 പോലീസ് സ്റ്റേഷനുകളും 58,000 പൊലീസുകാരുമാണുള്ളത്. മൂന്നരക്കോടി ജനങ്ങളെ 58,000 പോലീസുകാര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയുന്നത് പോലീസിന്റെ മസില്‍ പവര്‍ കൊണ്ടല്ല, രാജ്യത്തിന്റെ ഭരണ സംവിധാനത്തോട് പൗരന്മാര്‍ കാണിക്കുന്ന വിശ്വാസം കൊണ്ടാണ്, ആനക്ക് വടി വെക്കുന്ന പോലെ ഒരേര്‍പ്പാടാണത്.
മതി സഹിച്ചത് എന്ന് ആനക്ക് തോന്നുന്ന നിമിഷം വടിയും പാപ്പാനും ചുറ്റുപാടും തീരും, വടി തിരിച്ചു വാങ്ങി പൊലീസിനെ അടിക്കാന്‍ ജനങ്ങള്‍ തീരുമാനിച്ചാല്‍ കാക്കിയിട്ടവര്‍ക്ക് ഓടാന്‍ കണ്ടം മതിയാകാതെ വരും.
പൊലീസില്‍ പാര്‍ട്ടികള്‍ക്ക് സ്ലീപ്പര്‍ സെല്ലുകള്‍ ഉണ്ടെന്നും പാര്‍ട്ടിക്കാരെ സേനയില്‍ തിരുകി കയറ്റാറുണ്ടെന്നും എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ചില നേതാക്കള്‍ അത് അഭിമാനപൂര്‍വ്വം പറയാറുമുണ്ട്.
പാര്‍ട്ടി വഴി നിയമനം കിട്ടിയവര്‍ ആണെങ്കിലും പോലീസുകാര്‍ മിനിമം മര്യാദ കാണിക്കണം, ഉണ്ണുന്ന ചോറിനോടും സേനയോടും നാടിനോടും നന്ദി കാണിക്കണം. ഭരണത്തില്‍ പാര്‍ട്ടികള്‍ മാറിമാറി വരും അവര്‍ക്ക് താല്‍പര്യങ്ങള്‍ ഉണ്ടാകും. പോലീസുകാര്‍ക്ക് രാഷ്ട്രീയമൊക്കെയാകാം പക്ഷേ പാര്‍ട്ടി ഗുണ്ടകളെപ്പോലെ അടിമപ്പണിക്കും ഗുണ്ടായിസത്തിനും മുതിരരുത്. നാട് കുട്ടിച്ചോറാകും. വടി ഇളകിപ്പോകും.
ഷാഫി പറമ്പില്‍ എംപിയാണ്, ഗജഇഇ യുടെ ഉപാധ്യക്ഷനാണ്. ഷാഫിയെ തിരിച്ചറിയാന്‍ കഴിയാത്ത ഒരു പോലീസുകാരനും ഉണ്ടാവില്ല, കരുതിക്കൂട്ടി ഷാഫിയെ മര്‍ദ്ധിച്ച പോലീസുകാരനെ സര്‍വീസില്‍ നിന്ന് പിരിച്ചു വിടണം. ഏത് പാര്‍ട്ടി ഭരിച്ചാലും പോലീസ് മിനിമം മര്യാഭയോടെ പെരുമാറണം. പോലീസുകാര്‍ നാട് കുട്ടിച്ചോറാക്കരുത്.
-ആബിദ് അടിവാരം''
മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ മരിച്ചപ്പോള്‍ ഇട്ട പോസ്റ്റിലും ആബിദിനെതിരേ പോലിസ് കേസെടുത്തിരുന്നു.
