ഫ്രാന്‍സും യുകെയും കാനഡയും ഹമാസിന്റെ പക്ഷം പിടിക്കുകയാണെന്ന് നെതന്യാഹു

Update: 2025-05-24 03:20 GMT

തെല്‍അവീവ്: ഫ്രാന്‍സും യുകെയും കാനഡയും ഹമാസിന്റെ പക്ഷം പിടിക്കുകയാണെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ആരോപിച്ചു. ഗസയിലെ ഇസ്രായേലിന്റെ സൈനിക നടപടി അവസാനിപ്പിക്കണമെന്നും മാനുഷിക സഹായങ്ങള്‍ എത്തിക്കണമെന്നും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും യുകെ പ്രധാനമന്ത്രി കീര്‍ സ്റ്റാര്‍മറും കാനഡ പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണിയും സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടിരുന്നു. ഇതാണ് നെതന്യാഹുവിനെ പ്രകോപിപ്പിച്ചത്.

''ഇപ്പോള്‍, ഈ നേതാക്കള്‍ തങ്ങള്‍ സമാധാനം മുന്നോട്ട് കൊണ്ടുപോകുകയാണെന്ന് കരുതുന്നുണ്ടാകാം, പക്ഷേ അങ്ങനെയല്ല. അവര്‍ ഹമാസിനെ എന്നെന്നേക്കുമായി പോരാടാന്‍ ധൈര്യപ്പെടുത്തുകയാണ്. കൂടാതെ ഹമാസിന് വീണ്ടും ജൂത രാഷ്ട്രത്തെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ഫലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കാനുള്ള പ്രതീക്ഷയും അവര്‍ നല്‍കുന്നു.''-നെതന്യാഹു ആരോപിച്ചു.