ന്യൂയോര്‍ക്ക്: പ്രമുഖ ഒടിടി സ്ട്രീമിങ് പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ലിക്‌സ് അമേരിക്കയില്‍ സബ്‌സ്‌ക്രിപ്ഷന്‍ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തി. എല്ലാ പ്ലാനുകളിലും വര്‍ധന വരുത്തിയതായി കമ്പനി അറിയിച്ചു. പരസ്യമുള്ള പ്ലാന്‍ ഒരു ഡോളര്‍ ഉയര്‍ന്ന് 8.99 ഡോളറായപ്പോള്‍, പരസ്യമില്ലാത്ത സ്റ്റാന്‍ഡേര്‍ഡ് പ്ലാന്‍ 19.99 ഡോളറിലേക്കും പ്രീമിയം പ്ലാന്‍ 26.99 ഡോളറിലേക്കും വര്‍ധിപ്പിച്ചു. തല്‍സമയ ഇവന്റുകള്‍, വീഡിയോ പോഡ്കാസ്റ്റുകള്‍, ഒറിജിനല്‍ കണ്ടന്റുകള്‍ എന്നിവയില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമായാണ് നിരക്കുയര്‍ത്തലെന്ന് കമ്പനി വ്യക്തമാക്കി. ഈ വര്‍ഷം രണ്ടാം തവണയാണ് നിരക്ക് വര്‍ധിപ്പിക്കുന്നത്. 2026ല്‍ ഉള്ളടക്കത്തിനായി ഏകദേശം 20 ബില്യണ്‍ ഡോളര്‍ ചെലവിടാന്‍ പദ്ധതിയിടുന്ന സാഹചര്യത്തിലാണ് തീരുമാനം.
ഇതിനിടെ, മറ്റ് പ്രമുഖ സ്ട്രീമിങ് സേവനങ്ങളായ ഡിസിനി+, എച്ച്ബിഒ മാക്‌സ്, പീക്കോക്ക് എന്നിവയും ചേര്‍ന്ന് പരസ്യരഹിത പ്ലാനുകള്‍ സ്വീകരിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ ഏകദേശം 75 ഡോളര്‍ ചെലവാകുന്ന സാഹചര്യമാണുള്ളത്. പരസ്യങ്ങളോടുകൂടിയ പ്ലാനുകള്‍ക്ക് ഏകദേശം 40 ഡോളറാണ് ചെലവ്. പരസ്യ വരുമാനവും സബ്‌സ്‌ക്രിപ്ഷന്‍ വരുമാനവും കൂട്ടിയിണക്കി വരുമാനം വര്‍ധിപ്പിക്കുകയാണ് സ്ട്രീമിങ് കമ്പനികളുടെ പുതിയ തന്ത്രം. ആമസോണ്‍ ഉടമസ്ഥതയിലുള്ള ആമസോണ്‍ പ്രൈം വീഡിയോ പോലുള്ള പ്ലാറ്റ്‌ഫോമുകള്‍ ഇതിനകം തന്നെ പരസ്യങ്ങള്‍ സാധാരണയായി ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരസ്യങ്ങള്‍ ഒഴിവാക്കാന്‍ അധിക ഫീസും ഈടാക്കുന്നു.
അതേസമയം, ഇന്ത്യയില്‍ നിലവില്‍ നിരക്കുകളില്‍ മാറ്റമില്ലെന്ന് നെറ്റ്ഫ്‌ലിക്‌സ് വ്യക്തമാക്കി. ഇന്ത്യയില്‍ മൊബൈല്‍ പ്ലാന്‍ 149 രൂപ മുതല്‍ പ്രീമിയം പ്ലാന്‍ 649 രൂപ വരെയാണ് നിലവിലെ നിരക്കുകള്‍.
