സമൂഹമാധ്യമങ്ങള്‍ക്കുള്ള നിരോധനം നീക്കി നേപ്പാള്‍ സര്‍ക്കാര്‍

സമരത്തില്‍ 19 പേര്‍ കൊല്ലപ്പെടുകയും 400ലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു

Update: 2025-09-09 03:03 GMT

കാഠ്മണ്ഡു: നേപ്പാളില്‍ സമൂഹമാധ്യമ നിരോധനം നീക്കി സര്‍ക്കാര്‍. നിരോധനത്തിനെതിരേ പ്രതിഷേധം ശക്തമാവുകയും 19 പേര്‍ കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് നടപടി. വാട്സ്ആപ്പ്, ഫേസ്ബുക്ക്, എക്സ്, ഇന്‍സ്റ്റാഗ്രാം, യൂട്യൂബ് തുടങ്ങി 26 സമൂഹ മാധ്യമ അക്കൗണ്ടുകളാണ് കഴിഞ്ഞ വ്യാഴാഴ്ച രാത്രി നേപ്പാള്‍ സര്‍ക്കാര്‍ നിരോധിച്ചത്. രാജ്യത്ത് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാത്ത സാമൂഹ്യ മാധ്യമങ്ങള്‍ പ്രവര്‍ത്തന രഹിതമാക്കുന്നതിന്റെ ഭാഗമാണിതെന്നു വിശദീകരിച്ചായിരുന്നു സര്‍ക്കാര്‍ നടപടി. ഇതിനെതിരെയാണ് നേപ്പാളില്‍ പ്രതിഷേധം ഉണ്ടായത്.

പാര്‍ലമെന്റിനു പുറത്ത് ആയിരക്കണക്കിന് യുവാക്കള്‍ ഒത്തു ചേര്‍ന്നു. അഴിമതി അവസാനിപ്പിക്കണമെന്നും സമൂഹമാധ്യമങ്ങള്‍ക്കുള്ള വിലക്കു പിന്‍വലിക്കണമെന്നും പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. പ്രതിഷേധക്കാര്‍ക്കു നേരെ നടത്തിയ വെടിവെപ്പില്‍ 19 പേര്‍ കൊല്ലപ്പെടുകയും 400 ലേറെ പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്ന് നേപ്പാള്‍ ആഭ്യന്തര മന്ത്രി രമേഷ് ലേഖക് രാജി വെച്ചിരുന്നു.

സമൂഹമാധ്യമങ്ങള്‍ക്കുള്ള വിലക്ക് നീക്കാന്‍ അടിയന്തര മന്ത്രി സഭായോഗത്തില്‍ തീരുമാനിച്ചതായി നേപ്പാള്‍ വാര്‍ത്തവിനിമയ പ്രക്ഷേപണമന്ത്രി പൃഥി സുബ്ബ ഗുരുങ് പറഞ്ഞു. സോഷ്യല്‍ മീഡിയ പുനരാരംഭിക്കാനുള്ള നടപടികള്‍ക്ക് ഉത്തരവിട്ടതായി ഗുരുങ് പറഞ്ഞു. പ്രതിഷേധക്കാര്‍ പിരിഞ്ഞു പോയതോടെ കാഠ്മണ്ഡുവിലെ സ്ഥതി സാധാരണനിലയിലെത്തി.

Tags: