നെന്മാറ ഇരട്ടക്കൊലപാതകം; സുധാകരന്റെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു
പാലക്കാട്: പാലക്കാട് നെന്മാറയില്‍ ചെന്താമര കൊലപ്പെടുത്തിയ സുധാകരന്റെ കുടുംബത്തിന് മൂന്നു ലക്ഷം രൂപ ധനസഹായം അനുവദിച്ചു. കൊലപാതകം നടന്ന ശേഷം സര്‍ക്കാര്‍ മക്കള്‍ക്ക് ജോലിയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ പ്രാഥമിക നടപടികള്‍ പോലും ഇന്നും ആരംഭിച്ചിട്ടില്ലെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ധനസഹായം പ്രഖ്യാപിച്ചത്. സുധാകരന്റെ മകള്‍ അഖിലയ്ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക അനുവദിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ച് ജില്ലാ കളക്ടര്‍ എം എസ് മാധവിക്കുട്ടി ഉത്തരവിറക്കി.
2025 ജനുവരി 27നായിരുന്നു പ്രതി ചെന്താമര അയല്‍ക്കാരായ സുധാകരനേയും മാതാവ് ലക്ഷ്മിയേയും കൊലപ്പെടുത്തിയത്. 2019ല്‍ സുധാകരന്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസില്‍ പരോളിലിറങ്ങിയായിരുന്നു ഇരട്ടക്കൊലപാതകം നടത്തിയത്. എന്നാല്‍ ഇന്നും ആ നടുക്കത്തില്‍ നിന്നു മാറാതെ ഭയന്നു കഴിയുകയാണ് സുധാകരന്റെ മക്കളും കുടുംബവും. നിലവില്‍ ആദ്യ കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുകയാണ് പ്രതി ചെന്താമര. സുധാകരനേയും ലക്ഷ്മിയേയും കൊലപ്പെടുത്തിയ കേസിന്റെ വിചാരണ നടപടികള്‍ അടുത്തമാസം ആരംഭിക്കും. അച്ഛന്റേയും മുത്തശ്ശിയുടേയും കൊലപാതകത്തില്‍ പ്രതിക്ക് നല്ല ശിക്ഷ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് സുധാകരന്റെ മക്കളായ അതുല്യയും അഖിലയും പറഞ്ഞു.
