അയല്‍വാസിയുടെ നായ വയോധികനെ കടിച്ചുകൊന്നു

Update: 2025-08-20 06:18 GMT

ചെന്നൈ: അയല്‍വാസിയുടെ പിറ്റ്ബുള്‍ നായ 55 വയസ്സുകാരനെ ആക്രമിച്ചു കൊന്നു. ചെന്നൈയിലെ ജാഫര്‍ഖാന്‍പേട്ടിലാണ് സംഭവം. കരുണാകരന്‍ എന്നയാളാണ് കൊല്ലപ്പെട്ടത്. അയല്‍വാസിയായ പൂങ്കൊടിയുടെ വളര്‍ത്തുനായയാണ് കരുണാകരനെ ആക്രമിച്ചത്. നായയെ നിയന്ത്രിക്കാന്‍ ശ്രമിച്ചെങ്കിലും കഴിയാതെ വരികയായിരുന്നു.

നായ ആളുകള്‍ക്ക് ഭീഷണിയാണെന്ന് അയല്‍വാസിയോട് നേരത്തെ പറഞ്ഞിട്ടും അയാള്‍ കേട്ടില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. നാട്ടുകാര്‍ പോകുന്ന വഴിയിലൂടെ നായയുമായി പോകുന്നത് വലിയ തരത്തിലുള്ള ഭയം ഉണ്ടാക്കിയിരുന്നു. എന്നാല്‍ എത്രയൊക്കെ പറഞ്ഞിട്ടും നായയുടെ ഉടമ വിഷയം ചെവികൊണ്ടില്ലെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

കരുണാകരനെ നായ ക്രൂരമായാണ് ആക്രമിച്ചത്. ശരീരമാസകലം നായ കടിച്ചു പറിച്ചു. ഓടാന്‍ ശ്രമിച്ചെങ്കിലും നായയുടെ ആക്രമണത്തില്‍ ഇയാള്‍ താഴെ വീഴുകയായിരുന്നു. കരുണാകരന്റെ ജനനേന്ദ്രീയത്തിലടക്കം നായ കടിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.നായയെ പിടിക്കാന്‍ ശ്രമിക്കുന്നതിനിടെ ഉടമയ്ക്കും കടിയേറ്റു. നിലവില്‍ ഇയാള്‍ ആശുപത്രിയിലാണ്. വെറ്ററിനറി ഉദ്യോഗസ്ഥര്‍ വന്നാണ് പിറ്റ്ബുള്ളിനെ പിടികൂടിയത്. സംഭവത്തില്‍ പോലിസ് കേസെടുത്തു. ചികില്‍സ കഴിഞ്ഞാല്‍ ഉടമയെ കസ്റ്റഡിയിലെടുക്കും എന്ന് പോലിസ് പറഞ്ഞു.

Tags: