നീറ്റ് പരീക്ഷ വിവാദം പരിശോധിക്കാന്‍ നാലംഗ സമിതി; ഗ്രേസ് മാർക്ക് നൽകിയതിൽ അപാകതയുണ്ടോയെന്ന് പരിശോധിക്കും
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ പരിശോധിക്കാന്‍ നാലംഗ സമിതി രൂപീകരിച്ച് കേന്ദ്രം. ഗ്രേസ് മാര്‍ക്ക് നല്‍കിയതില്‍ അപാകതയുണ്ടോയെന്ന് പരിശോധിക്കും. ആറ് സെന്ററുകളിലെ വിദ്യാര്‍ത്ഥികളുടെ ഗ്രേസ് മാര്‍ക്ക് നല്‍കിയതാണ് പരിശോധിക്കുക. നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയര്‍ന്ന മറ്റു പരാതികളും സമിതി പരിശോധിക്കും. യുപിഎസ്‌സി മുന്‍ ചെയര്‍മാന്‍ അധ്യക്ഷനായ സമിതി ഒരാഴ്ച്ച കൊണ്ട് റിപ്പോര്‍ട്ട് നല്‍കും.
അതേസമയം, ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന ആരോപണം എന്‍ടിഎ ചെയര്‍മാന്‍ സുബോധ് കുമാര്‍ സിംഗ് തള്ളി. എന്‍ടിഎ സുതാര്യമായ ഏജന്‍സിയാണ്. ഈ വര്‍ഷം ചില പരാതികള്‍ ഉയര്‍ന്നു. 44 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതോടെ മുഴുവന്‍ മാര്‍ക്ക് കിട്ടി. ആറ് സെന്ററുകളിലാണ് സമയക്രമത്തിന്റെ പരാതി ഉയര്‍ന്നത്. അവിടുത്തെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്ന് എന്‍ടിഎ ചെയര്‍മാന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റുമായി ബന്ധപ്പെട്ട് ഗുരുതര ആരോപണമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഉയരുന്നത്. നീറ്റ് പരീക്ഷ ഫലത്തില്‍ അട്ടിമറിയെന്നായിരുന്നു ഉയരുന്ന പ്രധാന ആരോപണം. അന്വേഷണം ആവശ്യപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് വിദ്യാര്‍ത്ഥികള്‍ പരാതി നല്‍കിയിട്ടുണ്ട്. 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതും ചില വിദ്യാര്‍ത്ഥികള്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയതിലും അട്ടിമറിയുണ്ടെന്നാണ് ആരോപണം. അട്ടിമറി നടന്നിട്ടുണ്ടെന്നും അതിനാല്‍ നീറ്റ് പരീക്ഷ വീണ്ടും നടത്തണമെന്നുമാണ് ആവശ്യം.
ഫലം പ്രഖ്യാപിച്ചപ്പോള്‍ 67 പേര്‍ക്ക് ഒന്നാം റാങ്ക് ലഭിച്ചതാണ് പ്രധാന ചര്‍ച്ചയാകുന്നത്. ഇതില്‍ ആറ് പേര്‍ ഒരേ സെന്ററില്‍ നിന്ന് പരീക്ഷ എഴുതിയവരാണെന്ന ആരോപണവും പരാതിക്കാര്‍ ഉന്നയിക്കുന്നു. ഒന്നാം റാങ്ക് ലഭിച്ചവരില്‍ 47 പേര്‍ക്ക് ഗ്രേസ് മാര്‍ക്ക് നല്‍കിയെന്നാണ് എന്‍ടിഎ പറയുന്നത്. എന്‍സിഇആര്‍ടി പാഠപുസ്തകത്തിലെ ഉത്തരത്തിന്റെ പിഴവിനാണ് ഗ്രേസ് മാര്‍ക്ക് എന്നാണ് എന്‍ടിഎ വീശദീകരിക്കുന്നത്. ഒപ്പം രണ്ടാം റാങ്ക് ലഭിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമയം കിട്ടിയില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലുമാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയത്. മുന്‍കോടതി വിധികളുടെ അടിസ്ഥാനത്തിലാണ് ഗ്രേസ് മാര്‍ക്ക് നല്‍കിയതെന്നാണ് എന്‍ടിഎ വ്യക്തമാക്കുന്നത്.

