ആന്റോ ആന്റണി എംപിക്കെതിരേ വെളിപ്പെടുത്തലുമായി നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു
തിരുവനന്തപുരം: ആന്റോ ആന്റണി എംപിക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ഇഡി അന്വേഷണം നേരിടുന്ന തിരുവല്ല നെടുമ്പറമ്പില്‍ ഫിനാന്‍സ് ഉടമ എന്‍ എം രാജു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ആന്റോ ആന്റണി പലതവണ വന്ന് കണ്ടിരുന്നതായും, പ്രചാരണാവശ്യത്തിനായി രണ്ട് കോടി രൂപ പലിശയ്ക്ക് വാങ്ങിയിരുന്നതായും രാജു ആരോപിച്ചു. നിക്ഷേപകരുടെ പണമാണ് നല്‍കിയതെന്നും രണ്ട് മാസത്തിനുള്ളില്‍ മടക്കി നല്‍കാമെന്ന് പറഞ്ഞ തുകയില്‍ ഏഴ് വര്‍ഷം കഴിഞ്ഞിട്ടും 20 ലക്ഷം രൂപ മാത്രമാണ് തിരികെ ലഭിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
നിക്ഷേപ തട്ടിപ്പ് കേസില്‍ രണ്ട് വര്‍ഷമായി എന്‍.എം. രാജുവും കുടുംബവും ഇഡി അന്വേഷണം നേരിടുകയാണ്. ഈ അന്വേഷണത്തിന്റെ ഭാഗമായാണ് പണം നല്‍കിയ വിവരം ഉദ്യോഗസ്ഥരെ അറിയിച്ചതെന്ന് അദ്ദേഹം പറഞ്ഞു. നേരത്തെ തട്ടിപ്പുമായി ബന്ധപ്പെട്ട് രാജുവും കുടുംബവും അറസ്റ്റിലാവുകയും ഇഡി സ്ഥാപനത്തിന്റെ 44 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിക്കുകയും ചെയ്തിരുന്നു. പത്തനംതിട്ട, എറണാകുളം ജില്ലകളിലായി നൂറുകണക്കിന് കേസുകളാണ് നെടുമ്പറമ്പില്‍ ഗ്രൂപ്പിനെതിരെ നിലവിലുള്ളത്.