എന്‍സിസി സി സര്‍ട്ടിഫിക്കറ്റ്; പരീക്ഷയില്ലാതെ സൈന്യത്തില്‍ ഓഫീസറാകാന്‍ അവസരം
ന്യൂഡല്‍ഹി: എന്‍സിസി സി സര്‍ട്ടിഫിക്കറ്റ് ഉടമകള്‍ക്ക് എഴുത്തുപരീക്ഷയില്ലാതെ ഇന്ത്യന്‍ സൈന്യത്തില്‍ ഓഫീസറാകാന്‍ അവസരം. ഇന്ത്യന്‍ ആര്‍മിയുടെ ഷോര്‍ട്ട് സര്‍വീസ് കമ്മീഷന്‍ (എസ്എസ്‌സി) എന്‍സിസി സ്‌പെഷ്യല്‍ എന്‍ട്രി സ്‌കീം (124ാമത് കോഴ്‌സ്-ഒക്ടോബര്‍ 2026) വഴിയാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അവിവാഹിതരായ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും അപേക്ഷിക്കാം.
ആകെ 76 ഒഴിവുകളിലേക്കാണ് നിയമനം. ഇതില്‍ 70 എണ്ണം പുരുഷന്മാര്‍ക്കും 6 എണ്ണം സ്ത്രീകള്‍ക്കുമായി മാറ്റിവച്ചിട്ടുണ്ട്. അംഗീകൃത സര്‍വകലാശാലയില്‍ നിന്ന് ഏതെങ്കിലും വിഷയത്തില്‍ കുറഞ്ഞത് 50 ശതമാനം മാര്‍ക്കോടെ ബിരുദം നേടിയവര്‍ക്കും എന്‍സിസി സീനിയര്‍ ഡിവിഷനില്‍ കുറഞ്ഞത് രണ്ടു വര്‍ഷത്തെ സേവനപരിചയവും 'സി' സര്‍ട്ടിഫിക്കറ്റ് പരീക്ഷയില്‍ കുറഞ്ഞത് 'ബി' ഗ്രേഡ് ഉള്ളവര്‍ക്കുമാണ് അപേക്ഷിക്കാനുള്ള യോഗ്യത.
2026 ജൂലൈ ഒന്ന് അടിസ്ഥാനമാക്കി 19 മുതല്‍ 25 വയസ്സ് വരെയുള്ളവര്‍ക്കാണ് അപേക്ഷിക്കാനാവുക. അതായത് 2001 ജൂലൈ രണ്ടിനും 2007 ജൂലൈ ഒന്നിനും ഇടയില്‍ ജനിച്ചവര്‍ക്ക് യോഗ്യത ഉണ്ടായിരിക്കും. എഴുത്തുപരീക്ഷയില്ലാതെ സര്‍വീസ് സെലക്ഷന്‍ ബോര്‍ഡ് (എസ്എസ്ബി) ഇന്റര്‍വ്യൂവിന്റെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്. സൈന്യത്തില്‍ വീരമൃത്യു വരിച്ചവരുടെ മക്കള്‍ക്കും നിബന്ധനകള്‍ക്ക് വിധേയമായി അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ക്ക് ഇന്ത്യന്‍ ആര്‍മിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.joinindianarmy.nic.in വഴി ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി 2026 മാര്‍ച്ച് 16 ആണ്.
