നവകേരള സദസ്സ് നിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ 982 കോടിയുടെ പദ്ധതി നടപ്പാക്കുമെന്ന് സര്‍ക്കാര്‍
തിരുവനന്തപുരം: നവകേരള സദസ്സില്‍ ഉയര്‍ന്നുവന്ന വികസന പദ്ധതികള്‍ നടപ്പാക്കാന്‍ 982.01 കോടി രൂപ അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പദ്ധതികളുടെ നടത്തിപ്പിനായി ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഭേദഗതിയോടെ അംഗീകരിച്ചു. മുഖ്യമന്ത്രിയും മന്ത്രിമാരും 140 നിയമസഭാ മണ്ഡലങ്ങളിലും സഞ്ചരിച്ച് ജനങ്ങളുമായി സംവദിച്ചിരുന്നു. ആ സംവാദത്തില്‍ ഉരുത്തിരിഞ്ഞ നിര്‍ദേശങ്ങളാണ് വികസന പദ്ധതികളായി നടപ്പാക്കുന്നതെന്ന് സര്‍ക്കാര്‍ അറിയിച്ചു.
നവകേരളസദസ്സില്‍ വിവിധ വിഭാഗം ജനങ്ങള്‍ ആവശ്യപ്പെട്ട വികസന പ്രവര്‍ത്തനങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മുന്‍ഗണന അനുസരിച്ച് അനുമതി നല്‍കുന്നതിനും സാങ്കേതികമോ മറ്റ് കാരണങ്ങളോ മൂലം നിലവിലെ പദ്ധതികള്‍ക്ക് പകരം പുതിയ/അധിക പദ്ധതികള്‍ അംഗീകരിക്കുവാന്‍ ഉള്ള അനുമതി നല്‍കുവാനും ചീഫ് സെക്രട്ടറി, ജില്ലാ കലക്ടര്‍ എന്നിവരടങ്ങുന്ന കമ്മിറ്റിയെ അധികാരപ്പെടുത്തി. ഓരോ നിയമസഭാ മണ്ഡലത്തിലും പരമാവധി ഏഴ് കോടി രൂപ വീതമാണ് അനുവദിക്കുക. മലപ്പുറം ജില്ലയുടെ കാര്യത്തില്‍ അറിയിപ്പ് പിന്നീട് ഉണ്ടാകും.