തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍
ന്യൂഡല്‍ഹി: തൊഴില്‍ നിയമങ്ങള്‍ നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരേ രാജ്യവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കാന്‍ പോകുന്ന നാലു തൊഴില്‍ നിയമങ്ങള്‍ക്കെതിരേയാണ് പ്രതിഷേധം
തൊഴിലാളികളുടെയും കര്‍ഷക സംഘടനകളുടെയും വര്‍ഷങ്ങളായി എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെങ്കിലും സര്‍ക്കാര്‍ ഏകപക്ഷീയമായാണ് പെരുമാറുന്നതെന്നും യൂണിയനുകള്‍ ആരോപിച്ചു. 2019 ല്‍ വേതന കോഡ് നടപ്പിലാക്കിയതുമുതല്‍ പ്രതിഷേധങ്ങള്‍ തുടരുകയാണെന്നും അവര്‍ പറഞ്ഞു. ഇതിനെതിരേ 2025 ജൂലൈ 9ന് നടന്ന പൊതുപണിമുടക്കില്‍ 25 കോടിയിലധികം തൊഴിലാളികള്‍ പങ്കെടുത്തതായി അവര്‍ പറഞ്ഞു.
നവംബര്‍ 26ന് പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ തൊഴിലാളികളോട് യൂണിയനുകള്‍ ആഹ്വാനം ചെയ്തു. പ്രതിഷേധം അടയാളപ്പെടുത്തുന്നതിനായി തിങ്കളാഴ്ച മുതല്‍ ഗേറ്റ് മീറ്റിംഗുകള്‍, ജോലിസ്ഥല പ്രതിഷേധ പ്രകടനങ്ങള്‍ എന്നിവ നടത്താനും കറുത്ത ബാഡ്ജ് ധരിക്കാനും അവര്‍ ജനങ്ങളോട് ആഹ്വാനം ചെയ്തു. ശ്രമശക്തി നീതി 2025 കരട് പിന്‍വലിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. 2015 മുതല്‍ ഇന്ത്യന്‍ ലേബര്‍ കോണ്‍ഫറന്‍സ് വിളിച്ചുകൂട്ടാത്തതില്‍ സര്‍ക്കാരിനെതിരേ യൂണിയന്‍ രൂക്ഷവിമര്‍ശനമുന്നയിച്ചു. തൊഴില്‍ നിയമത്തില്‍ വരുത്തുന്ന മാറ്റങ്ങള്‍ അര്‍ത്ഥവത്തായ കൂടിയാലോചന കൂടാതെയാണ് മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് അവര്‍ പറഞ്ഞു. പ്രസ്താവനയില്‍ INTUC, AITUC, HMS, CITU, AIUTUC, TUCC, SEWA, AICCTU, LPF, UTUC എന്നീ സംഘടനകളുടെ നേതാക്കള്‍ ഒപ്പുവച്ചു.
