പുതിയ തൊഴില്‍ നിയമത്തിനെതിരേ ഇന്ന് രാജ്യവ്യാപക പ്രതിഷേധം
സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത തൊഴിലാളി യൂനിയനും ഉള്‍പ്പടെയുളള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ലേബര്‍ കോഡിനെതിരേ ഇന്ന് രാജ്യവ്യാപക പ്രതിഷേധം. 10 തൊഴിലാളി യൂനിയനുകള്‍ ചേര്‍ന്ന് ലേബര്‍ കോഡിന്റെ കോപ്പികള്‍ കത്തിച്ചാണ് വിവിധ ഇടങ്ങളില്‍ പ്രതിഷേധിക്കുക. സംയുക്ത കിസാന്‍ മോര്‍ച്ചയും സംയുക്ത തൊഴിലാളി യൂനിയനും ഉള്‍പ്പടെയുളള പ്രതിപക്ഷ സംഘടനകളാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ജില്ലാ അടിസ്ഥാനത്തിലാണ് പ്രതിഷേധ പരിപാടികള്‍ ആസൂത്രണം ചെയ്തിരിക്കുന്നത്. തൊഴില്‍ നിയമങ്ങള്‍ ഇല്ലാതാക്കുകയും തൊഴിലുടമകളുടെ താല്‍പര്യം മാത്രം സംരക്ഷിക്കുകയും ചെയ്യുന്നതാണ് പുതിയ പരിഷ്‌കാരണമെന്ന് വിവിധ തൊഴിലാളി സംഘടനകള്‍ പറഞ്ഞു.
സര്‍വീസ് സംഘടനകളും പ്രതിഷേധത്തില്‍ അണിചേരും. ഡല്‍ഹി ജന്തര്‍ മന്ദറില്‍ സംഘടനകള്‍ സംയുക്തമായി പ്രതിഷേധിക്കും. സംയുക്ത കിസാന്‍ മോര്‍ച്ച കളക്ടര്‍മാര്‍ക്ക് നിവേദനം നല്‍കും. ലേബര്‍ കോഡ് പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതിനു പുറമെ പ്രഖ്യാപിച്ച താങ്ങുവില ഉറപ്പാക്കുക, സംസ്ഥാനങ്ങള്‍ക്ക് സംഭരണത്തിനായി കൂടുതല്‍ തുക അനുവദിക്കുക എന്നീ കാര്യങ്ങളും നിവേദനത്തില്‍ ചൂണ്ടിക്കാട്ടും. കേരളത്തില്‍ സിഐടിയുവും ഐഎന്‍ടിയുസിയും ജില്ലാ ആസ്ഥാനങ്ങളില്‍ പ്രതിഷേധ സദസ് സംഘടിപ്പിക്കും. തൊഴില്‍ നിയമങ്ങള്‍ കോര്‍പറേറ്റ് അനുകൂല കോഡുകളാക്കി മാറ്റാനാണ് ബിജെപി ശ്രമമെന്നാണ് പ്രതിപക്ഷ ആരോപണം. തൊഴിലാളി സംഘടനകളുടെ എതിര്‍പ്പുകള്‍ അവഗണിച്ചാണ് ഈ മാസം 21 മുതല്‍ ലേബര്‍ കോഡുകള്‍ പ്രാബല്യത്തിലായത്.
