നവംബര്‍ 26ന് രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധം

Update: 2025-11-20 05:02 GMT

ന്യൂഡല്‍ഹി : നവംബര്‍ 26ന് രാജ്യവ്യാപകമായി കര്‍ഷകരെയും തൊഴിലാളികളെയും അണിനിരത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച (എസ്‌കെഎം). എസ്‌കെഎം, കേന്ദ്ര ട്രേഡ് യൂണിയനുകള്‍ (സിടിയു), നിരവധി തൊഴിലാളി, കാര്‍ഷിക തൊഴിലാളി സംഘടനകള്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ രാജ്യത്തുടനീളമുള്ള സംസ്ഥാന, ജില്ലാ ആസ്ഥാനങ്ങളില്‍ അന്നേ ദിവസം പ്രതിഷേധ പ്രകടനങ്ങള്‍ നടക്കും.

രാകേഷ് ടികായിത്, ഡോ. അശോക് ധവാലെ, ബല്‍ബീര്‍ സിംഗ് രാജേവല്‍, രാജന്‍ ക്ഷീരസാഗര്‍, വദ്ദേ ശോഭനേന്ദ്ര റാവു, ഡോ. സുനിലം, സത്യവാന്‍, പ്രേം സിംഗ് ഗെഹ്ലാവത്, കന്‍വര്‍ജിത് സിംഗ്, ഇന്ദ്രജിത് സിംഗ്, സുഫല്‍ കുമാര്‍ മഹതോ, സുഫല്‍ കുമാര്‍ മഹതോ, എന്നിവരുള്‍പ്പെടെ പ്രമുഖ എസ്‌കെഎം നേതാക്കള്‍ പങ്കെടുത്ത ഓണ്‍ലൈന്‍ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.

2020-21 ലെ കര്‍ഷക പ്രസ്ഥാനത്തിന്റെ 'പൂര്‍ത്തിയാകാത്ത വിഷയങ്ങള്‍' രാജ്യത്തെ ഓര്‍മ്മിപ്പിക്കുക എന്നതാണ് പ്രതിഷേധങ്ങളുടെ ഉദ്ദേശ്യമെന്ന് എസ്‌കെഎം നേതാക്കള്‍ പറഞ്ഞു. മൂന്ന് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിലേക്ക് നയിച്ച പ്രക്ഷോഭങ്ങളുടെ ഫലപ്രാപ്തിയെ കുറിച്ചും അവര്‍ ചൂണ്ടിക്കാട്ടി.

അതേസമയം, 2021 ഡിസംബര്‍ 9 ന് നല്‍കിയ സംഭരണം, കടാശ്വാസം, വൈദ്യുതി സ്വകാര്യവല്‍ക്കരണം നിര്‍ത്തലാക്കല്‍ എന്നിവയുള്‍പ്പെടെ നല്‍കിയ രേഖാമൂലമുള്ള ഉറപ്പുകള്‍ പാലിക്കുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് കര്‍ഷക യൂണിയനുകള്‍ ആരോപിച്ചു. വാഗ്ദാനങ്ങള്‍ നടപ്പിലാക്കിയിട്ടില്ലെന്നും കര്‍ഷകര്‍ ഇപ്പോഴും ദുരിതമനുഭവിക്കുകയാണെന്നും അവര്‍ കൂട്ടിചേര്‍ത്തു.

Tags: