തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ പ്രതിപക്ഷ ട്രേഡ് യൂണിയനുകള്‍ സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് തുടങ്ങി. ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിമുതല്‍ ആരംഭിച്ച പണിമുടക്ക് ബുധനാഴ്ച അര്‍ധരാത്രി 12 മണി വരെ തുടരും. ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്‍പ്പന അവസാനിപ്പിക്കുക തുടങ്ങിയ 17 ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്.
കേരള, എംജി, കാലിക്കറ്റ്, കണ്ണൂര്‍ സര്‍വകലാശാലകളില്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇന്ന് അവധിയെടുക്കുന്നതില്‍ നിയന്ത്രണമേര്‍പ്പെടുത്തി സംസ്ഥാന സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. മതിയായ കാരണമില്ലാതെ ഹാജരാകാതിരുന്നാല്‍ ഇന്നത്തെ ശമ്പളം റദ്ദാക്കുമെന്നു ചീഫ് സെക്രട്ടറി ഉത്തരവില്‍ വ്യക്തമാക്കി.
അടിയന്തര സാഹചര്യങ്ങളിലല്ലാതെ വകുപ്പു മേധാവികള്‍ അവധി അനുവദിക്കരുത്. ജീവനക്കാര്‍ക്കു സുരക്ഷിതമായി ഓഫിസിലെത്താനുള്ള സാഹചര്യം വകുപ്പു മേധാവികളും കലക്ടര്‍മാരും ഉറപ്പാക്കുകയും വേണം. കെഎസ്ആര്‍ടിസി ജീവനക്കാര്‍ പണിമുടക്കിന്റെ ഭാഗമാകില്ലെന്നുള്ള മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ പ്രസ്താവന ട്രേഡ് യൂണിയനുകള്‍ തള്ളി. പണിമുടക്ക് നോട്ടിസ് നേരത്തേ നല്‍കിയതാണെന്നും പറഞ്ഞു.