ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്ല്; അല്‍പ്പസമയത്തിനകം പാര്‍ലമെന്റില്‍ അവതരിപ്പിക്കും

Update: 2025-12-16 06:10 GMT

ന്യൂഡല്‍ഹി: ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍ അല്‍പ്പസമയത്തിനകം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബില്ലിനെതിരേ പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കവെയാണ് സര്‍ക്കാര്‍ ബില്ല് അവതരിപ്പിക്കാനൊരുങ്ങുന്നത്.

കോണ്‍ഗ്രസ് ഭരണകാലത്ത് കൊണ്ടുവന്ന മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് (എംജിഎന്‍ആര്‍ഇജിഎ) പകരമായി പുതിയ തൊഴിലുറപ്പ് പദ്ധതി കൊണ്ടുവരാനുള്ള ബില്ലാണ് അവതരിപ്പിക്കുന്നത്. വിബിജി റാം ജി എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്ന വികസിത ഭാരത് ഗാരണ്ടി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍) എന്ന ബില്ല് രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.

2005ല്‍ അന്നത്തെ യുപിഎ സര്‍ക്കാര്‍ ആരംഭിച്ച എംജിഎന്‍ആര്‍ഇജിഎ പദ്ധതി പ്രകാരം ഗ്രാമീണ മേഖലകളിലെ തൊഴിലാളികള്‍ക്ക് 100 ദിവസത്തെ തൊഴില്‍ ഉറപ്പുനല്‍കുന്നു. പുതിയ ബില്ല് 100 ദിവസത്തെ തൊഴില്‍ എന്നത് 125 ദിവസമായി ഉയര്‍ത്താന്‍ നിര്‍ദ്ദേശിക്കുന്നു. ജോലി പൂര്‍ത്തിയായതിന് ശേഷം 15 ദിവസത്തിനുള്ളില്‍ വേതനം നല്‍കണമെന്നും ബില്ലില്‍ നിര്‍ദേശമുണ്ട്. സമയപരിധിക്കുള്ളില്‍ വേതനം നല്‍കാത്ത പക്ഷം തൊഴില്‍രഹിത വേതനത്തിനും ബില്ലില്‍ വ്യവസ്ഥയുണ്ട്.

അതേ സമയം, പാര്‍ലമെന്റിനു പുറത്ത് പ്രതിപക്ഷം ബില്ലിനെതിരേ പ്രതിഷേധം തുടരുകയാണ്. മഹാത്മാഗാന്ധിയെ ഇകഴ്ത്തികാണിക്കാന്‍ വേണ്ടിയാണ് പദ്ധതിയുടെ പേരടക്കം മാറ്റുന്നതെന്ന് പ്രതിപക്ഷം പറഞ്ഞു.

Tags: