ദേശീയപാത ഉദ്ഘാടന ചടങ്ങ്; രാഷ്ട്രീയ പക്ഷപാതപരമായ നിലപാടിന്റെ വേദിയാക്കി കേന്ദ്രസര്‍ക്കാരിന്റെ പരിപാടിയെ മാറ്റി: എം വി ഗോവിന്ദന്‍
തിരുവനന്തപുരം: ദേശീയപാത ഉദ്ഘാടന ചടങ്ങില്‍ പ്രാതിനിധ്യം നല്‍കാത്തത് സംസ്ഥാനത്തോടുള്ള അവഹേളനമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. രാഷ്ട്രീയ പക്ഷപാതപരമായ നിലപാടിന്റെ വേദിയാക്കി കേന്ദ്രസര്‍ക്കാരിന്റെ പരിപാടിയെ മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ കേരളത്തിന് അനിവാര്യമായ ഒന്നാണ് ദേശീയപാത വികസനം എന്ന് വ്യക്തമാക്കി ചര്‍ച്ചകള്‍ നടത്തിയതിനു ശേഷമാണ് വികസനം ആരംഭിച്ചത്.
ദേശീയപാത വികസനം എല്ലാ രീതിയിലും ഇടപെടല്‍ നടത്തിയതും, പ്രവര്‍ത്തനങ്ങള്‍ കൃത്യമായി ഏകോപിപ്പിച്ചതും പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസാണ്. എന്നാല്‍ ആ മന്ത്രിയെ ഒഴിവാക്കി ഉദ്ഘാടന പരിപാടി നടത്തുന്നത് അവഹേളിക്കുന്നതിനു തുല്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടനം നടത്തുന്ന ദേശീയ പാതയുടെ ഒരു റീച്ച് കടന്നുപോകുന്ന ജില്ലയിലെ മന്ത്രി കൂടിയാണ് അദ്ദേഹം. ദേശീയ പാതാ വികസനവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഏകോപനം നടത്തുന്നത് പൊതുമരാമത്ത് വകുപ്പാണ്. ഭൂമി ഏറ്റെടുക്കലിന് കരാറൊപ്പിട്ടത് പൊതുമരാമത്ത് മന്ത്രിയുമായാണ്. കേരള സര്‍ക്കാരിന് ധനപരമായ പങ്കാളിത്തമുള്ള പദ്ധതിയാണ് ദേശീയപാത 66 വികസനം. പാത വികസനത്തിന് 5580 കോടി നല്‍കിയത് കേരള സര്‍ക്കാരാണ്. മറ്റൊരു സംസ്ഥാനത്തെ ദേശീയപാതയ്ക്കും അതത് സംസ്ഥാനങ്ങളുമായി സാമ്പത്തിക പങ്കാളിത്തമില്ല.
പൊതുമരാമത്ത് വകുപ്പിനെയും മന്ത്രിയെയും പൂര്‍ണമായി അവഗണിച്ചത് രാഷ്ട്രീയ പകപോക്കലാണ്. എന്തും ചെയ്യാനുള്ള അവകാശം ഞങ്ങള്‍ക്കുണ്ട് എന്ന ഫാസിസ്റ്റ് പ്രവണതയാണ് കാണുന്നതെന്നും ഇതിനെതിരെ ശക്തമായി പ്രതിഷേധിക്കുമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഉദ്ഘാടനം നടത്തുന്ന രണ്ട് റീച്ചിലും ജനങ്ങളോടൊപ്പം ചേര്‍ന്ന് ജനപ്രതിനിധികള്‍ ആഘോഷപരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
