കൊല്ലത്ത് ദേശീയപാത ഇടിഞ്ഞു വീണ സംഭവം; 'അടിയന്തര നടപടിയും ഇടപെടലും വേണം' മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചു
കൊല്ലം: മൈലക്കാട് ദേശീയപാത നിര്‍മ്മാണത്തിനിടെ റോഡ് ഇടിഞ്ഞ സംഭവത്തില്‍ പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കേന്ദ്ര മന്ത്രിക്ക് കത്തയച്ചു. അടിയന്തര നടപടിയും ഇടപെടലും വേണം. റോഡ് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിനൊപ്പം ഗുണനിലവാരവും സുരക്ഷാക്രമീകരണങ്ങളും ഉറപ്പുവരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടു. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്, കേന്ദ്ര ഗതാഗതമന്ത്രി നിധിന്‍ ഗഡ്ക്കരിക്ക് കത്തയച്ചു. പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയോട് മന്ത്രി അടിയന്തര റിപോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ദേശീയപാത അതോറിറ്റിയോട് വിശദീകരണം തേടി റിപോര്‍ട്ട് നല്‍കാനാണ് മന്ത്രി നിര്‍ദേശിച്ചിരിക്കുന്നത്.
ഇന്ന് വൈകുന്നേരമാണ് നിര്‍മാണത്തിലിരുന്ന ദേശീയപാത ഇടിഞ്ഞു താഴ്ന്നത്. സംരക്ഷണ ഭിത്തി സര്‍വ്വീസ് റോഡിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. സ്‌കൂള്‍ ബസ് ഉള്‍പ്പടെ നാലു വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു. 500 മീറ്റര്‍ ദൂരത്തിലാണ് ദേശീയപാത ഇടിഞ്ഞു വീണിരിക്കുന്നത്. റോഡ് ഉയരത്തില്‍ നിര്‍മിക്കുന്നതിന്റെ ഭാഗമായി മണ്ണിട്ട് പൊക്കിയ ഭാഗമാണ് ഇടിഞ്ഞു താഴ്ന്നത്. സര്‍വീസ് റോഡില്‍ കുടുങ്ങിയ വാഹനങ്ങള്‍ മാറ്റാന്‍ ക്രെയിനെത്തിച്ചിട്ടുണ്ട്. വീണ്ടും ഇടിയാന്‍ സാധ്യതയുള്ളതിനാല്‍ സംഭവ സ്ഥലത്തു നിന്ന് ആളുകളെ പോലിസ് ഒഴിപ്പിച്ചു. ഗതാഗതം പൂര്‍ണമായി തടസപ്പെട്ടതിനെ തുടര്‍ന്ന് പോലിസ് വാഹനങ്ങള്‍ വഴി തിരിച്ചുവിട്ടു. അപകട സ്ഥലം വഴിയുള്ള ഗതാഗതം പൂര്‍ണമായി നിര്‍ത്തിവെച്ചതായി പോലിസ് പറഞ്ഞു.
