ഗ്രേറ്റ് നിക്കോബാര്‍ പദ്ധതി: ഹരജികള്‍ തള്ളി ദേശീയ ഹരിത ട്രൈബ്യൂണല്‍

Update: 2026-02-16 10:47 GMT

ന്യൂഡല്‍ഹി: ഗ്രേറ്റ് നിക്കോബാര്‍ ദ്വീപില്‍ നടപ്പാക്കാന്‍ നിര്‍ദേശിച്ചിരിക്കുന്ന 80,000 കോടി രൂപയുടെ മെഗാ പദ്ധതിക്കെതിരായ ഹരജികള്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ തള്ളി. പദ്ധതിക്ക് നല്‍കിയ പരിസ്ഥിതി അനുമതിയില്‍ മതിയായ സുരക്ഷാ മുന്‍കരുതലുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന നിരീക്ഷണത്തോടെയാണ് ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ അധ്യക്ഷനായ ആറംഗ പ്രത്യേക ബെഞ്ച് വിധി പ്രസ്താവിച്ചത്. ഇന്ത്യയുടെ സുരക്ഷാതന്ത്രപ്രധാന ആവശ്യങ്ങള്‍ക്കും അന്താരാഷ്ട്ര വ്യാപാരപാതകളിലെ രാജ്യത്തിന്റെ നിലപാടിനും പദ്ധതി നിര്‍ണായകമാണെന്ന് ട്രൈബ്യൂണല്‍ വിലയിരുത്തി. ഉന്നതാധികാര സമിതി പദ്ധതി വിശദമായി പഠിച്ച ശേഷമാണ് അനുമതി നല്‍കിയതെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. പരിസ്ഥിതി അനുമതിക്കൊപ്പം നിര്‍ദേശിച്ച കര്‍ശന ഉപാധികള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് ട്രൈബ്യൂണുകള്‍ നിര്‍ദേശം നല്‍കി.

വികസന പ്രവര്‍ത്തനങ്ങള്‍ മൂലം പരിസ്ഥിതിയില്‍ ചില പ്രതികൂല ആഘാതങ്ങള്‍ ഉണ്ടാകാമെങ്കിലും അവ ലഘൂകരിക്കാന്‍ ആവശ്യമായ നടപടികള്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും ബെഞ്ച് നിരീക്ഷിച്ചു. അന്താരാഷ്ട്ര ട്രാന്‍ഷിപ്പ്‌മെന്റ് തുറമുഖം, ഗ്രീന്‍ഫീല്‍ഡ് അന്താരാഷ്ട്ര വിമാനത്താവളം, ടൗണ്‍ഷിപ്പ്, 450 മെഗാവാട്ട് ഗ്യാസ്‌സോളാര്‍ വൈദ്യുത നിലയം എന്നിവ ഉള്‍പ്പെടുന്ന ബൃഹദ് അടിസ്ഥാന സൗകര്യ പദ്ധതിയാണ് ഗ്രേറ്റ് നിക്കോബാറില്‍ വിഭാവനം ചെയ്തിരിക്കുന്നത്. 166 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ നടപ്പാക്കുന്ന പദ്ധതിക്കായി ഏകദേശം 130 ചതുരശ്ര കിലോമീറ്റര്‍ വനഭൂമി വകമാറ്റേണ്ടി വരും.

പദ്ധതിക്കെതിരേ പരിസ്ഥിതി പ്രവര്‍ത്തകരും വിദഗ്ധരും ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ദ്വീപിലെ കണ്ടല്‍ക്കാടുകള്‍, പവിഴപ്പുറ്റുകള്‍, കടലാമകളുടെ പ്രജനന കേന്ദ്രങ്ങള്‍ എന്നിവ നശിക്കപ്പെടുമെന്നും, ഗോത്രവര്‍ഗക്കാരായ ഷോംപെന്‍, നിക്കോബറീസ് വിഭാഗങ്ങളുടെ ജീവിതത്തെ പദ്ധതി പ്രതികൂലമായി ബാധിക്കുമെന്നും ഹരജിക്കാര്‍ വാദിച്ചു. തീരദേശ നിയന്ത്രണ മേഖല ചട്ടലംഘനങ്ങളും അവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, രാജ്യത്തിന്റെ വിശാല താല്‍പര്യവും പ്രതിരോധ ആവശ്യങ്ങളും മുന്‍നിര്‍ത്തിയാണ് പദ്ധതിയുമായി മുന്നോട്ട് പോകാന്‍ ട്രൈബ്യൂണല്‍ അനുമതി നല്‍കിയിരിക്കുന്നത്. പദ്ധതിക്ക് 2022 നവംബറില്‍ പരിസ്ഥിതി അനുമതിയും 2022 ഒക്ടോബറില്‍ തത്വത്തിലുള്ള വനാനുമതിയും ലഭിച്ചിരുന്നു.

Tags: