ദേശീയ ചലചിത്ര പുരസ്‌കാരം: ഉള്ളൊഴുക്ക് മികച്ച മലയാളം സിനിമ; ഉര്‍വശി മികച്ച സഹനടി, വിജയരാഘവന്‍ സഹനടന്‍
ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനം തുടങ്ങി. ട്വല്‍ത്ത് ഫെയില്‍ ആണ് മികച്ച ഫീച്ചര്‍ സിനിമ. ദ കേരള സ്‌റ്റോറി എന്ന ഹിന്ദുത്വ പ്രൊപ്പഗണ്ട ചിത്രം സംവിധാനം ചെയ്ത സുദിപ്‌തോ സെന്‍ ആണ് മികച്ച സംവിധായകന്‍. ഷാരൂഖ് ഖാന്‍, വിക്രാന്ത് മാസ്സി എന്നിവരെ മികച്ച നടന്മാരായി തിരഞ്ഞെടുത്തു. ജവാന്‍ എന്ന ചിത്രത്തിനാണ് ഷാരൂഖിന് പുരസ്‌കാരം. ട്വല്‍ത്ത് ഫെയില്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് വിക്രാന്ത് മാസ്സിയേയും മികച്ച നടനായി തിരഞ്ഞെടുത്തു. മിസിസ് ചാറ്റര്‍ജി വേഴ്‌സസ് നോര്‍വേ എന്ന ചിത്രത്തിലെ അഭിനയത്തിന് റാണി മുഖര്‍ജിയ്ക്കാണ് മികച്ച നടിയ്ക്കുള്ള പുരസ്‌കാരം.
ക്രിസ്‌റ്റോ ടോമി സംവിധാനം ചെയ്ത ഉള്ളൊഴുക്കാണ് മികച്ച മലയാളം ചിത്രം. ഉര്‍വശിയെ മികച്ച സഹനടിയ്ക്കുള്ള പുരസ്‌കാരം പങ്കിട്ടു. പൂക്കാലം എന്ന ചിത്രത്തിലെ അഭിനയത്തിന് വിജയരാഘവനെ മികച്ച സഹനടനായി തിരഞ്ഞെടുത്തു. അനിമല്‍ എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതം ഒരുക്കിയ ഹര്‍ഷ് വര്‍ധന്‍ രാമേശ്വര്‍ അവാര്‍ഡിന് അര്‍ഹനായി. 2018 എന്ന ചിത്രത്തിന് മോഹന്‍ദാസ് ആണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍. പൂക്കാലം എന്ന ചിത്രത്തിലെ മിഥുന്‍ മുരളിക്ക് മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം ലഭിച്ചു.