സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ക്ക് ഭീഷണി; ബഹിരാകാശത്തില്‍ റഷ്യ പുതിയ ആയുധം ഒരുക്കിയെന്ന് നാസ
വാഷിങ്ടണ്‍: ശതകോടീശ്വരനും സ്‌പേസ്എക്‌സ് സ്ഥാപകനുമായ ഇലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഉപഗ്രഹശൃംഖലയെ ലക്ഷ്യമിട്ട് റഷ്യ ബഹിരാകാശത്ത് പുതിയ ആയുധ സംവിധാനം ഒരുക്കിയതായി നാസ മുന്നറിയിപ്പ് നല്‍കി. നാറ്റോ രാജ്യങ്ങളുടെ ഇന്റലിജന്‍സ് വിഭാഗം തയ്യാറാക്കിയ റിപോര്‍ട്ടിലാണ് റഷ്യയുടെ ഈ നീക്കത്തെക്കുറിച്ചുള്ള ഗുരുതര ആരോപണം ഉന്നയിച്ചിരിക്കുന്നത്. ലക്ഷക്കണക്കിന് ചെറുതായ ലോഹപാളികള്‍ (പെല്ലറ്റുകള്‍) ഒരേസമയം ഭ്രമണപഥത്തില്‍ വിന്യസിച്ച് നിരവധി ഉപഗ്രഹങ്ങളെ ഒരുമിച്ച് പ്രവര്‍ത്തനരഹിതമാക്കുകയോ ഗുരുതരമായി കേടുവരുത്തുകയോ ചെയ്യാന്‍ കഴിയുന്ന സാങ്കേതിക വിദ്യയാണ് റഷ്യ വികസിപ്പിച്ചതെന്നാണ് റിപോര്‍ട്ടിലെ വിലയിരുത്തല്‍. ഈ സംവിധാനം 'സോണ്‍ എഫക്റ്റ്' എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഭൂമിയില്‍ നിന്ന് ഏകദേശം 550 കിലോമീറ്റര്‍ ഉയരത്തിലുള്ള ലോ എര്‍ത്ത് ഓര്‍ബിറ്റിലാണ് സ്റ്റാര്‍ലിങ്ക് ഉപഗ്രഹങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. സ്റ്റാര്‍ലിങ്ക് ശൃംഖലയുടെ സഹായത്തോടെയാണ് ഉക്രൈന്‍ സൈന്യം റഷ്യന്‍ സൈനിക നീക്കങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ വിലയിരുത്തല്‍. ഇതിനെ പ്രതിരോധിക്കാനാണ് റഷ്യ ബഹിരാകാശ ആയുധ സംവിധാനം രൂപകല്‍പ്പന ചെയ്തതെന്നാണ് റിപോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.