ഗസയിലെ വെടിനിര്‍ത്തലിനുള്ള ട്രംപിന്റെ പദ്ധതിയെ സ്വാഗതം ചെയ്ത് നരേന്ദ്ര മോദി
ന്യൂഡല്‍ഹി: ഗസയിലെ വെടിനിര്‍ത്തലിനുള്ള യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പദ്ധതിയെ സ്വാഗതം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫലസ്തീന്‍, ഇസ്രായേല്‍ എന്നിവിടങ്ങളിലെ ജനങ്ങള്‍ക്കും പശ്ചിമേഷ്യ മേഖലയ്ക്കും ദീര്‍ഘകാല സമാധാനം, സുരക്ഷ, വികസനം എന്നിവയിലേക്കുള്ള ഒരു പ്രായോഗിക പാത ഇത് പ്രദാനം ചെയ്യുമെന്ന് മോദി പറഞ്ഞു.
ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സാന്നിധ്യത്തില്‍ ട്രംപിന്റെ 20 ഇന പദ്ധതി പ്രഖ്യാപനത്തോട് പ്രതികരിച്ചുകൊണ്ട്, സംഘര്‍ഷം അവസാനിപ്പിക്കാനും സമാധാനം ഉറപ്പാക്കാനുമുള്ള പ്രസിഡന്റ് ട്രംപിന്റെ ശ്രമങ്ങളില്‍ എല്ലാ പങ്കാളികളും പങ്കുചേരുമെന്ന് മോദി വ്യക്തമാക്കി.
യുഎസും ഇസ്രായേലും ഖത്തറും ത്രികക്ഷി ഏകോപന സംവിധാനം രൂപീകരിക്കുമെന്നാണ് ട്രംപ് മുന്നോട്ടുവച്ച നിര്‍േദശം. യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് മുന്നോട്ടുവച്ച നിര്‍ദ്ദേശം ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവും ഖത്തര്‍ പ്രധാനമന്ത്രി ഷെയ്ഖ് മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ അല്‍ താനിയും സമ്മതിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
'' ഇന്ന്, പ്രസിഡന്റ് ട്രംപ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായും ഖത്തറിലെ പ്രധാനമന്ത്രി മുഹമ്മദ് ബിന്‍ അബ്ദുള്‍റഹ്‌മാന്‍ ബിന്‍ ജാസിം അല്‍ താനിയുമായും ത്രികക്ഷി ഫോണ്‍ സംഭാഷണം നടത്തി... ഏകോപനം വര്‍ദ്ധിപ്പിക്കുന്നതിനും ആശയവിനിമയം മെച്ചപ്പെടുത്തുന്നതിനും പരസ്പരമുള്ള പരാതികള്‍ പരിഹരിക്കുന്നതിനും ഭീഷണികള്‍ തടയുന്നതിനുള്ള കൂട്ടായ ശ്രമങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുമായി ഒരു ത്രികക്ഷി സംവിധാനം സ്ഥാപിക്കാനുള്ള പ്രസിഡന്റിന്റെ നിര്‍ദ്ദേശം നേതാക്കള്‍ അംഗീകരിച്ചു.''-വൈറ്റ് ഹൗസ് പ്രസ്താവനയില്‍ പറഞ്ഞു. ദോഹയില്‍ ആക്രമണം നടത്തി ഖത്തറിന്റെ പരമാധികാരം ലംഘിച്ചതില്‍ നെതന്യാഹു മാപ്പും പറഞ്ഞു.
