'നരവണെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ല, കൈമാറുന്നത് നിയമവിരുദ്ധം'; പ്രസാധകര്‍

Update: 2026-02-10 03:53 GMT

ന്യൂഡല്‍ഹി: മുന്‍ കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവണെയുടെ ആത്മകഥയായ 'ഫോര്‍ സ്റ്റാര്‍സ് ഓഫ് ഡെസ്റ്റിനി' എന്ന പുസ്തകത്തിന്റെ പകര്‍പ്പ് പ്രചരിക്കുന്നതില്‍ പ്രതികരണവുമായി പ്രസാധകരായ പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡ്. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്നും വില്പനയ്ക്കോ കൈമാറ്റത്തിനോ വെച്ചിട്ടില്ലെന്നും കമ്പനി വ്യക്തമാക്കി. പകര്‍പ്പ് കൈമാറുന്നതും പ്രചരിപ്പിക്കുന്നതും കോപ്പിറൈറ്റ് നിയമങ്ങള്‍ മൂലം കുറ്റകരമാണെന്നും കമ്പനി പറഞ്ഞു. നിലവില്‍ ഏതെങ്കിലും പ്ലാറ്റ്ഫോമുകളില്‍ പുസ്തകത്തിന്റെ കോപ്പികള്‍ പ്രചരിക്കുന്നുണ്ടെങ്കില്‍ അത് പകര്‍പ്പവകാശ ലംഘനമാണെന്നും അത്തരം നടപടികള്‍ക്കെതിരേ നിയമപരമായ നീക്കം നടത്തുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

പുസ്തകത്തിന്റെ അച്ചടിച്ചതോ ഡിജിറ്റലോ ആയ ഒരു പതിപ്പും ഇതുവരെ വിതരണം ചെയ്യുകയോ വില്‍ക്കുകയോ ചെയ്തിട്ടില്ലെന്ന് പെന്‍ഗ്വിന്‍ ഇന്ത്യ എക്സിലൂടെ വ്യക്തമാക്കി. കഴിഞ്ഞ ദിവസം പുസ്തകത്തിന്റെ പകര്‍പ്പ് പ്രചരിക്കുന്നതില്‍ ഡല്‍ഹി പോലിസ് കേസെടുത്തിരുന്നു. പിഡിഎഫ് രൂപമാണ് പ്രചരിക്കുന്നത്. ഡല്‍ഹി പോലിസിന്റെ സ്‌പെഷ്യല്‍ സെല്‍ കേസില്‍ അന്വേഷണം ആരംഭിച്ചിരുന്നു. പുസ്തകത്തിന്റെ നിരവധി കോപ്പികള്‍ ഓണ്‍ലൈനില്‍ ലഭ്യമാണെന്ന് പോലിസ് കണ്ടെത്തി. എവിടെ നിന്ന് ചോര്‍ന്നു, ആര് ചോര്‍ത്തി എന്നുമുള്ള കാര്യങ്ങളില്‍ പോലിസ് അന്വേഷണം നടത്തുകയാണ്.

ഇതിനു പുറമെ പല വെബ്സൈറ്റുകളും പുസ്തകം വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നതായും പോലിസ് കണ്ടെത്തി. പ്രസാധക കമ്പനിയായ പെന്‍ഗ്വിന്‍ ഹൗസ് തയ്യാറാക്കിയ പുസ്തകത്തിന്റെ ടൈപ്പ്സെറ്റ് കോപ്പിയാണ് പ്രചരിക്കുന്നത് എന്നാണ് സൂചന. പുസ്തകം പ്രസിദ്ധീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇനിയും ഔദ്യോഗിക അനുമതി നല്‍കിയിട്ടില്ല. അതിന് മുന്‍പുതന്നെ എങ്ങനെ പ്രചരിച്ചു എന്നതില്‍ പോലിസ് അന്വേഷണം ആരംഭിച്ചുകഴിഞ്ഞു.

പുസ്തകത്തില്‍ ജനറല്‍ നരവണെയുടെ കുട്ടിക്കാലം മുതല്‍ സര്‍വീസ് കാലം വരേയുള്ള കാര്യങ്ങളാണ് പറയുന്നത്. പുസ്തകം ലോക്സഭയിലും ചര്‍ച്ചയായിരുന്നു. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയാണ് ഭരണപക്ഷത്തിനെതിരേ നരവണെയുടെ പുസ്തകത്തിലെ ഭാഗങ്ങള്‍ ആയുധമാക്കിയത്. ദോക്ലാം വിഷയത്തില്‍ കേന്ദ്രസര്‍ക്കാരിനുണ്ടായ വീഴ്ചയും ചൈന ഭൂമി കൈയേറി എന്നടക്കമുള്ള വിമര്‍ശനമാണ് രാഹുല്‍ ഗാന്ധി ഉയര്‍ത്തിയത്. എന്നാല്‍ പ്രസിദ്ധീകരിക്കാത്ത പുസ്തകത്തിലെ കാര്യങ്ങള്‍ ഉയര്‍ത്തരുതെന്ന് വാദിച്ചായിരുന്നു ഭരണപക്ഷം പ്രതിരോധിച്ചത്. നരവണെയുടെ പുസ്തകം കേന്ദ്രസര്‍ക്കാര്‍ പ്രസിദ്ധീകരിക്കാന്‍ അനുവദിച്ചില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചിരുന്നു.