തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലപാതക കേസിലെ പ്രതി കേഡല്‍ ജിന്‍സണ്‍രാജക്ക് ജീവപര്യന്തം തടവുശിക്ഷയും 15 ലക്ഷം രൂപ പിഴയും വിധിച്ച് കോടതി. തിരുവനന്തപുരം വഞ്ചിയൂര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. കേസില്‍ ഇന്നലെ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരേയുള്ള എല്ലാ കുറ്റങ്ങളും തെളിഞ്ഞെന്ന് കോടതി പറഞ്ഞു. കൊലപാതകം, ആയുധമുപയോഗിച്ച് പരിക്കേല്‍പ്പിക്കുക, തെളിവ് നശിപ്പക്കല്‍ എന്നീ കുറ്റങ്ങളാണ് പ്രതിക്കു നേരെ ചുമത്തിയിരിക്കുന്നത്.
2017 ഏപ്രില്‍ അഞ്ചിനാണ് പിതാവ് പ്രൊഫ. രാജ തങ്കം, മാതാവ് ഡോ. ജീന്‍പത്മം, സഹോദരി കരോളിന്‍, ബന്ധുവായ ലളിത എന്നിവരെ കേഡല്‍ കൊലപ്പെടുത്തിയത്. മഴു ഉപയോഗിച്ചായിരുന്നു കൊലപാതകം. കൊലപാതകത്തിന് ശേഷം ചെന്നൈയിലേക്ക് പോയ കേഡല്‍ തിരിച്ച് തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയ സമയത്താണ് പോലിസിന്റെ വലയില്‍ കുരുങ്ങിയത്.
ജീവന്‍ കൊടുത്ത് ആത്മാവിനെ വേര്‍പ്പെടുത്തുന്ന ആസ്ട്രല്‍ പ്രൊജക്ഷന്‍ ആണ് താന്‍ പരീക്ഷിച്ചതെന്നാണ് പ്രതി പോലിസിന് നല്‍കിയ മൊഴി. വീഡിയോ ഗെയിം കാണിക്കാം എന്ന് പറഞ്ഞായിരുന്നു പ്രതി മാതാപിതാക്കളെയും സഹോദരിയെയും വീടിന്റെ മുകളിലെ നിലയിലേക്ക് എത്തിച്ചത്. അവിടെ വച്ചായിരുന്നു കൊലപാതകം. കൊലപാതകത്തിനു ശേഷം പ്രതി മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നു.
വിചാരണയുടെ എല്ലാ ഘട്ടങ്ങളിലും താന്‍ കുറ്റക്കാരനല്ലെന്നും കൊലപാതകം നടന്ന ദിവസം താന്‍ സ്ഥലത്തുണ്ടായിരുന്നില്ലെന്നുമായിരുന്നു കേഡലിന്റെ മൊഴി. തനിക്ക് മാനസിക പ്രശ്‌നമുള്ളതായും ഇയാള്‍ പറഞ്ഞിരുന്നു. എന്നാല്‍ പ്രതിക്ക് യാതൊരു തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളും ഇല്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് റിപോര്‍ട്ട് കൈമാറി.കൂടാതെ ആസ്ട്രല്‍ പ്രൊജക്ഷന്‍ എന്ന പ്രതിയുടെ വാദം പൊളിക്കുന്ന തെളിവുകള്‍ പോലിസ് കോടതിക്കു കൈമാറി. മാതാപിതാക്കളോടുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് പ്രോസിക്യൂഷന്‍ കണ്ടെത്തി. സ്വന്തം മാതാപിതാക്കളെയും സഹോദരിയേയും കൊന്ന പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദിച്ചത്.
