പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി നജ്മ തബ്ഷീറ

Update: 2025-12-27 17:37 GMT

മലപ്പുറം: പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി ഹരിത മുന്‍ നേതാവ് അഡ്വ. നജ്മ തബ്ഷീറ. ആകെയുള്ള 17 സീറ്റുകളില്‍ 15ലും വിജയിച്ചാണ് യുഡിഎഫ് പെരിന്തല്‍മണ്ണയില്‍ ഭരണം പിടിച്ചത്. രണ്ടു സീറ്റില്‍ എല്‍ഡിഎഫാണ് വിജയിച്ചത്. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിലെ വലമ്പൂര്‍ ഡിവിഷനില്‍ നിന്നാണ് നജ്മ തബ്ഷീറ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ സിപിഎമ്മിന്റെ ഹേമയേയാണ് നജ്മ പരാജയപ്പെടുത്തിയത്. 2,612 വോട്ടിന്റെ ഭൂരിപക്ഷമാണ് നജ്മക്കുണ്ടായിരുന്നത്. നജ്മ 6,730 വോട്ടുകള്‍ നേടിയപ്പോള്‍ 4,118 വോട്ടാണ് ഹേമയ്ക്ക് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ നീതുവിന് 895 വോട്ടും ലഭിച്ചു.

30വര്‍ഷമായി എല്‍ഡിഎഫിന്റെ കോട്ടയായിരുന്ന പെരിന്തല്‍മണ്ണ നഗരസഭയും യുഡിഎഫ് പിടിച്ചെടുത്തിരുന്നു. പതിനാറ് സീറ്റുകളില്‍ മാത്രമേ എല്‍ഡിഎഫ് വിജയിച്ചുള്ളൂ. 1995ല്‍ പെരിന്തല്‍മണ്ണ നഗരസഭ പിറവിയെടുത്തതിനു ശേഷം നടന്ന ആറ് തിരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫ് ഭരിച്ച പെരിന്തല്‍മണ്ണ യുഡിഎഫ് ഇക്കുറി പിടിച്ചെടുക്കുകയായിരുന്നു. കുരുവമ്പലം, അങ്ങാടിപ്പുറം ഡിവിഷനുകളില്‍ മാത്രമാണ് പെരിന്തല്‍മണ്ണ ബ്ലോക്കില്‍ ഇടതിന് വിജയിക്കാന്‍ സാധിച്ചത്. കുരുവമ്പലത്ത് ബാവയെന്ന ബഷീറും അങ്ങാടിപ്പുറത്ത് ധന്യ തോട്ടത്തുമാണ് വിജയിച്ചത്. പെരിന്തല്‍മണ്ണ ബ്ലോക്ക് പഞ്ചായത്തിനു പുറമെ പെരിന്തല്‍മണ്ണ നഗരസഭയിലും യുഡിഎഫ് അധികാരത്തിലെത്തി. ആകെയുള്ള 37 വാര്‍ഡുകളില്‍ 21 ഇടത്തും ഐക്യജനാധിപത്യ മുന്നണിയാണ് വിജയിച്ചത്. 16 സീറ്റുകളാണ് എല്‍ഡിഎഫിന് ലഭിച്ചത്.