രണ്ടു തവണ മാത്രം പ്രസവാവധിയെന്ന ചട്ടം പിന്‍വലിച്ചെന്ന് ആന്ധ്രസര്‍ക്കാര്‍; ജനസംഖ്യ കൂട്ടണമെന്ന് നിര്‍ദേശം

Update: 2025-05-06 13:03 GMT

അമരാവതി: സര്‍ക്കാര്‍ സര്‍വീസിലെ സ്ത്രീകള്‍ക്ക് പ്രസവാവധി അനുവദിക്കുന്നതിലെ നിയന്ത്രണങ്ങള്‍ ആന്ധ്രപ്രദേശ് സര്‍ക്കാര്‍ എടുത്തുകളഞ്ഞു. രണ്ടു തവണ മാത്രമേ പ്രസവാവധി നല്‍കാവൂയെന്ന ഉത്തരവാണ് നീക്കം ചെയ്തത്. സംസ്ഥാനത്തെ ജനസംഖ്യ ഉയര്‍ത്താനാണ് സര്‍ക്കാര്‍ തീരുമാനം. കൂടാതെ ജീവനക്കാരുടെ വ്യക്തിജീവിതത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കലും ലക്ഷ്യമാണ്. ഇനി മുതല്‍ എത്ര തവണ വേണമെങ്കില്‍ ആറ് മാസം ശമ്പളത്തോടെയുള്ള പ്രസവാവധി എടുക്കാം.

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ പഞ്ചായത്ത്, മുനിസിപ്പല്‍ തിരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത് വിലക്കുന്ന മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള നിയമം നേരത്തെ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് മാത്രമേ സര്‍പഞ്ച്, മുനിസിപ്പല്‍ കൗണ്‍സിലര്‍ അല്ലെങ്കില്‍ മേയര്‍ ആകാന്‍ കഴിയൂ എന്ന് ഉറപ്പാക്കുന്നതിനുള്ള നിയമങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ കൊണ്ടുവരുമെന്നും റിപോര്‍ട്ടുകള്‍ പറയുന്നു.