44 വർഷത്തെ ജയിൽവാസത്തിന് ശേഷം നഈൽ ബർഗൗത്തിക്ക് മോചനം

Update: 2025-02-27 08:51 GMT

റാമല്ല: ഫലസ്തീന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന് 44 വര്‍ഷം ഇസ്രായേലി തടവറയില്‍ അടയ്ക്കപ്പെട്ട നഈല്‍ അല്‍ ബര്‍ഗൗത്തി മോചിതനായി. ഗസയിലെ വെടിനിര്‍ത്തല്‍ കരാറിന്റെ  ഭാഗമായി ഇസ്രായേല്‍ വിട്ടയച്ചവരിൽ ഒരാളാണ് 67കാരനായ നഈല്‍.

ഇസ്രായേലി ജയിലുകളിലെ ഫലസ്തീനി തടവുകാരുടെ നേതാവായ നഈല്‍ തടവുകാരുടെ ഡീന്‍ എന്നും അറിയപ്പെട്ടു. മതം, രാഷ്ട്രീയം, തത്ത്വശാസ്ത്രം എന്നിവയില് അഗാധമായ അറിവുള്ള നഈല്‍ തടവുകാരെ സംഘടിപ്പിക്കുന്നതിനും നേതൃത്വം നല്‍കി. ലോകത്തില്‍ ഏറ്റവും കൂടുതല്‍ കാലം ജയിലില്‍ കിടന്ന രാഷ്ട്രീയതടവുകാരനാണ് നഈലെന്ന് 2009ല്‍ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സ് കണ്ടെത്തിയിരുന്നു.


നഈല്‍ അപകടകാരിയാണെന്നും വെസ്റ്റ്ബാങ്കിലോ ഗസയിലോ പ്രവേശിപ്പിക്കാൻ അനുവദിക്കില്ലെന്നുമാണ് ഇസ്രായേല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനാല്‍, ഈജിപ്തിലേക്കാണ് അയച്ചിരിക്കുന്നത്. അവിടെ നിന്ന് പേരു വെളിപ്പെടുത്താത്ത ഒരു രാജ്യത്തേക്ക് പോവും.

1957 ഒക്ടോബര്‍ 24ന് വടക്കന്‍ റാമല്ലയിലെ കോബാര്‍ ഗ്രാമത്തില്‍ ജനിച്ച നഈല്‍ കുട്ടിക്കാലം മുതലേ ഇസ്രായേലി അധിനിവേശത്തിനെതിരായ സമരങ്ങളില്‍ സജീവമായിരുന്നു. പ്രമുഖ ഫലസ്തീനി നേതാവായ മര്‍വാന്‍ ബര്‍ഗൗത്തിയുടെ ബന്ധുകൂടിയാണ് നഈല്‍. റാമല്ലയില്‍ വെച്ച് ഒരു ജൂത ബസ് ഡ്രൈവറെ കൊലപ്പെടുത്തിയെന്ന കേസില്‍ 1978ലാണ് നഈലിനെ അറസ്റ്റ് ചെയ്തത്. സഹോദരന്‍ ഉമറും ബന്ധുവായ ഫക്രിയും അറസ്റ്റ് ചെയ്യപ്പെടുകയുണ്ടായി. നഈലിനെ 119 വര്‍ഷം തടവിനും ഉമറിനെ 26 വര്‍ഷം തടവിനുമാണ് ഇസ്രായേലി കോടതി ശിക്ഷിച്ചത്. 2004ല്‍ പിതാവും 2005 ൽ മാതാവും മരിച്ചപ്പോള്‍ കാണാന്‍ പോലും അനുവദിച്ചില്ല.


ഗസയില്‍ നിന്നും ഹമാസ് പിടികൂടിയ ഇസ്രായേലി സൈനികന്‍ ഗിലാദ് ഷാലിത്തിനെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട കരാറിനെ തുടര്‍ന്ന് 2011ല്‍ നഈലിനെ ഇസ്രായേല്‍ വിട്ടയച്ചു. തുടര്‍ന്ന് ഇമാന്‍ നഫെയെ നഈല്‍ വിവാഹം കഴിച്ചു. എന്നാല്‍, മൂന്നുവര്‍ഷത്തിന് ശേഷം ഇസ്രായേലി സൈന്യം വീണ്ടും നഈലിനെ അറസ്റ്റ് ചെയ്തു. 30 മാസത്തേക്ക് തടവിന് ശിക്ഷിച്ചു. ഈ തടവ് കാലാവധി കഴിഞ്ഞപ്പോള്‍ പുറത്തുവിട്ടില്ല. പകരം മുന്‍ കേസിലെ ശിക്ഷ പുനസ്ഥാപിച്ചു. അധികമായി 18 വര്‍ഷം തടവ് ശിക്ഷ കൂടി കൂട്ടിചേര്‍ക്കുകയും ചെയ്തു.

ഇതിനിടയില്‍ ഇമാന്‍ നഫെയെയും ഇസ്രായേലി സൈന്യം പിടികൂടി പത്ത് വര്‍ഷം ജയിലിലിട്ടു. രക്തസാക്ഷ്യ ഓപ്പറേഷന്‍ പ്ലാന്‍ ചെയ്തു എന്നതായിരുന്നു ആരോപണം. നഈല്‍ തടവറയില്‍ കിടക്കുന്ന കാലത്ത് ഒരു സഹോദരന്‍ മരിച്ചുവെന്ന് ഇപ്പോള്‍ റാമല്ലയില്‍ താമസിക്കുന്ന ഇമാന്‍ നഫെ പറഞ്ഞു. '' നഈല്‍ ജയിലില്‍ കിടക്കുന്ന കാലത്ത് പല മാറ്റങ്ങളുമുണ്ടായി. '' നഈലിന്റെ സഹോദരന്‍ മരണപ്പെട്ടു. സഹോദരന്റെ മകന്‍ രക്തസാക്ഷിയായി. നിരവധി ബന്ധുക്കള്‍ ജയിലിലായി. നിരവധി വീടുകള്‍ ഇസ്രായേലി അധിനിവേശ സൈന്യം തകര്‍ത്തു.'' -ഇമാന്‍ നഫെ പറയുന്നു. ജയിലില്‍ നിന്നും നഈല്‍ അയച്ച കത്തില്‍ നിന്നുള്ള ഒരു ഭാഗവും ഇമാന്‍ നഫെ ഉദ്ധരിച്ചു.

''ഒരു രാഷ്ട്രം അതിന്റെ സ്വാതന്ത്ര്യം തേടുമ്പോള്‍, അത് എല്ലായ്‌പ്പോഴും വിജയിക്കും. നമ്മുടെ ഹൃദയങ്ങളില്‍ പരാജയം നടുന്നതില്‍ അധിനിവേശം ഒരിക്കലും വിജയിക്കില്ല. കാരണം ദൈവത്തിലുള്ള നമ്മുടെ വിശ്വാസത്തില്‍ നിന്നും സ്വാതന്ത്ര്യം നേടിയ മറ്റു രാജ്യങ്ങളില്‍ നിന്നുമാണ് നാം ധൈര്യം നേടുന്നത്.''