എന്‍ സുബ്രഹ്‌മണ്യനെ ചോദ്യം ചെയ്ത് വിട്ടയച്ചു

Update: 2025-12-27 08:52 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ശബരിമല സ്വര്‍ണക്കൊള്ളക്കേസ് പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും ഒരുമിച്ചുള്ള എ ഐ ചിത്രം പ്രചരിപ്പിച്ചെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവ് എന്‍ സുബ്രഹ്‌മണ്യനെ ചോദ്യം ചെയ്ത് ജാമ്യത്തില്‍ വിട്ടു. ചിത്രം ഷെയര്‍ ചെയ്തതിന് പിന്നാലെ കലാപാഹ്വാനത്തിനാണ് സുബ്രഹ്‌മണ്യനെതിരെ കേസെടുത്തത്. പങ്കുവച്ചത് എഐ ചിത്രമല്ലെന്ന് നൂറുശതമാനം ബോധ്യമുണ്ടെന്നും ജയിലിലടച്ചാലും പിന്നോട്ട് പോകില്ലെന്നും സുബ്രമണ്യന്‍ പറഞ്ഞു.

ആറ് മണിയ്ക്കാണ് പോലിസ് വീട്ടിലെത്തിയതെന്നും പ്രാഥമിക കൃത്യങ്ങള്‍ പോലും ചെയ്യാന്‍ സമ്മതിക്കാതെ കസ്റ്റഡിയിലെടുക്കുകയായിരുന്നുവെന്നും സുബ്രഹ്‌മണ്യന്‍ പറഞ്ഞു. മൊഴിയെടുക്കണം എന്നാണ് ആദ്യം പറഞ്ഞിരുന്നത് പിന്നീടാണ് സ്റ്റേഷന്‍ വരെ വരണം എന്ന് സി ഐ പറയുന്നത്. ഉന്നത കേന്ദ്രത്തില്‍ നിന്നുള്ള നിര്‍ദേശ പ്രകാരമാണ് പോലിസിന്റെ ഈ നാടകം എന്നും അദ്ദേഹം വ്യക്തമാക്കി.

വൈദ്യപരിശോധനക്കായി സ്വകാര്യ ആശുപത്രിയിലെത്തിച്ച സുബ്രഹ്‌മണ്യന്റെ രക്തസമ്മര്‍ദ്ദം കുറഞ്ഞതിനെതുടര്‍ന്ന് ആശുപത്രിയില്‍ തന്നെ നിലനിര്‍ത്താന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചു. തുടര്‍ന്ന് ചേവായൂര്‍ പോലിസ് സ്റ്റേഷനിലേക്കെത്തിച്ച് മൊഴി രേഖപ്പെടുത്തിുകയായിരുന്നു. സ്‌റ്റേഷനു പുറത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി രംഗത്തെത്തി. പലതവണ പോലിസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ കയ്യേറ്റത്തിന്റെ വക്കോളമെത്തി. അതേസമയം, അറസ്റ്റ് ഉണ്ടായിട്ടില്ലെന്നും നോട്ടിസ് നല്‍കി വിട്ടയക്കുകയായിരുന്നെന്നും ചേവായൂര്‍ സി ഐ പറഞ്ഞു.

Tags: