ജയിലിലടച്ചാലും പിന്നോട്ട് പോകില്ലെന്ന് എന്‍ സുബ്രമണ്യന്‍; പോലിസ് സ്റ്റേഷനു പുറത്ത് യുഡിഎഫ് പ്രതിഷേധം
കോഴിക്കോട്: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയും മുഖ്യമന്ത്രി പിണറായി വിജയനും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ച കേസില്‍ കസ്റ്റഡിയിലെടുത്ത കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം എന്‍ സുബ്രഹ്‌മണ്യനെ ചേവായൂര്‍ പോലിസ് സ്‌റ്റേഷനിലേക്ക് കൊണ്ടു പോയി. പോലിസ് സ്റ്റേഷനു പുറത്ത് യുഡിഎഫ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളികളുമായി പ്രതിഷേധം നടത്തുകയാണ്.
എന്നാല്‍ ജയിലിലടച്ചാലും പിന്നോട്ട് പോകില്ലെന്ന് സുബ്രമണ്യന്‍ പറഞ്ഞു. ചേവായൂര്‍ സ്‌റ്റേഷനിലേക്ക് കൊണ്ടും പോകും വഴി മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പിണറായി വിജയനും ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും തമ്മില്‍ ഇത്രമേല്‍ അഗാധമായ ബന്ധം ഉണ്ടാകാന്‍ എന്തായിരിക്കും കാരണമെന്ന ക്യാപ്ഷനോടെയാണ് ഇരുവരും ഒരുമിച്ചു നില്‍ക്കുന്ന ഫോട്ടോകള്‍ കെപിസിസി രാഷ്ട്രീയകാര്യസമിതി അംഗവും കോഴിക്കോട് ജില്ലിയിലെ മുതിര്‍ന്ന നേതാവുമായ എന്‍ സുബ്രമണ്യന്‍ പോസ്റ്റിട്ടത്. ഈ നടപടിയിലാണ് സുബ്രമണ്യനെതിരേ കേസെടുത്തത്.