നേമത്ത് ദുരൂഹ പാര്‍സല്‍: ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കത്തിനെതിരേ സമഗ്രാന്വേഷണം വേണം; സിബി തോട്ടുപുറം
തിരുവനന്തപുരം: നേമം മണ്ഡലത്തില്‍ ദുരൂഹമായ സാഹചര്യത്തില്‍ പെട്ടികള്‍ എത്തിച്ച് ബിജെപി ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി സംശയിക്കുന്നതായും സമഗ്രമായ അന്വേഷണം വേണമെന്നും എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി സിബി തോട്ടുപുറം. റെയില്‍വേ പാര്‍സല്‍ വഴി മണ്ഡലത്തിലേക്ക് എത്തിച്ച നാല് വലിയ പെട്ടികള്‍ സംബന്ധിച്ച് ദുരൂഹതയേറുകയാണ്. സംഭവത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷനും പോലിസും സത്വര നടപടി സ്വീകരിക്കണം.
റെയില്‍വേ സ്റ്റേഷന്‍ വഴി എത്തിയ നാല് പെട്ടികള്‍ അതീവ രഹസ്യമായി കാറില്‍ കയറ്റി നേമത്തെ വിവിധ ഭാഗങ്ങളിലേക്ക് എത്തിച്ചതായാണ് വിവരം. കഴിഞ്ഞ ദിവസങ്ങളില്‍ യുപി രജിസ്‌ട്രേഷനില്‍ ഉള്‍പ്പെടെയുളള സംസ്ഥാനത്തിന് പുറത്തുനിന്നുള്ള നിരവധി വാഹനങ്ങള്‍ സംശയാസ്പദമായ രീതിയില്‍ നേമം മണ്ഡലത്തില്‍ എത്തുന്നുണ്ട്.
തോല്‍വി ഭയന്ന ബിജെപി പണമൊഴുക്കി വോട്ടര്‍മാരെ സ്വാധീനിക്കാനും ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനുമാണ് ശ്രമിക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന കൊടകര കുഴല്‍പ്പണ കേസ് നമ്മുടെ മുമ്പിലുണ്ട്. നേമം മണ്ഡലത്തില്‍ മാത്രമല്ല സംസ്ഥാന വ്യാപകമായി ബിജെപി കള്ളപ്പണം ഒഴുക്കുന്നതായി സംശയമുണ്ടെന്നും സിബി തോട്ടുപുറം പറഞ്ഞു.