മൈസൂര്‍: വിശക്കുന്ന വയറുകള്‍, കാലിയായ പോക്കറ്റുകള്‍; ഉപജീവനത്തിനായി ഗാന്ധിവേഷം ധരിക്കുന്ന കുട്ടികള്‍

Update: 2025-10-29 08:15 GMT

മൈസൂര്‍: ഒക്ടോബര്‍ മാസത്തില്‍ മൈസൂര്‍ ആഘോഷങ്ങളുടെ നടുവിലാണ്. ഹിന്ദുമത വിശ്വാസികളുടെ ദസറ ആഘോഷമാണ് പ്രധാനം. എന്നാല്‍ ആഘോഷാരവങ്ങളുടെ കഥകള്‍ മാത്രം കാണാവുന്ന ഇടമല്ല ഇവിടം. മോദിയുടെ വികസന നേട്ടങ്ങള്‍ എത്രത്തോളമുണ്ടെന്ന്, ആഘോഷങ്ങള്‍ക്കിടെ പാത്രം നീട്ടുന്ന കുഞ്ഞുകൈകള്‍ പറയും. അതെ, ദസറ ഈ കുഞ്ഞുങ്ങള്‍ക്ക് ജീവിക്കാനുള്ള മാര്‍ഗം കൂടിയാണ്.

വെളുത്ത ധോത്തി ധരിച്ച്, മൂക്കില്‍ വൃത്താകൃതിയിലുള്ള കണ്ണട ധരിച്ച്, മുഖത്ത് ടാല്‍ക്കം പൗഡര്‍ പുരട്ടിയ കുട്ടി ഗാന്ധിമാരെ ഇവിടങ്ങളില്‍ കാണാം. എല്ലാ വൈകുന്നേരവും ഇവര്‍ ഭിക്ഷ യാചിക്കാനായി പ്രദേശത്ത് എത്തും. അതൊരുപക്ഷെ, അസത്യത്തിനുമേല്‍ സത്യം ജയിക്കുന്ന ഗാന്ധിയന്‍ തത്വങ്ങള്‍ നെഞ്ചേറ്റിയതുകൊണ്ടല്ല, ജീവിക്കാനുള്ള തത്രപ്പാടിനിടയില്‍ അവര്‍ ഏതു വേഷവും ധരിക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നു മാത്രം.

ആഘോഷങ്ങളിലും ആചാരങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോള്‍ പലരും കാണാതെ പോകുന്ന കാഴ്ചകളാണ് മൈസൂരിനിപ്പോള്‍ പറയാനുള്ളത്. വികസന നേട്ടങ്ങള്‍ എണ്ണിയെണ്ണി പറയുന്ന അധികാരവര്‍ഗം കണ്ണു തുറക്കാതെ ഇരിക്കുമ്പോള്‍ പല കുരുന്നുകള്‍ക്കും ആഘോഷങ്ങള്‍ അന്യമാകും. കാരണം, ജീവിതം അവര്‍ക്ക് അതിജീവനത്തിനായുള്ള ദൈനംദിന പോരാട്ടമാണ്.

Tags: