മ്യാന്‍മറില്‍ സൈബര്‍ തട്ടിപ്പ് കേന്ദ്രങ്ങള്‍; അടിമപ്പണിയില്‍ നിന്ന് 300 ഇന്ത്യക്കാരെ മോചിപ്പിച്ചു
ന്യൂഡല്‍ഹി: കോടികളുടെ സൈബര്‍ തട്ടിപ്പിന് കേന്ദ്രമായി മാറിയ മ്യാന്‍മറിലെ മ്യാവാഡി മേഖലയില്‍ നിന്ന് 300 ഇന്ത്യക്കാരെ ഡല്‍ഹി പോലിസ് മോചിപ്പിച്ചു. മ്യാന്‍മറിലെ കെ കെ പാര്‍ക്കില്‍ നടത്തിയ റെയ്ഡിലാണ് യുവാക്കളെ രക്ഷപ്പെടുത്തി ഇന്ത്യയിലെത്തിച്ചത്. ഡല്‍ഹി പോലിസിന്റെ ഇന്റലിജന്‍സ് ഫ്യൂഷന്‍ ആന്റ് സ്ട്രാറ്റജിക് ഓപ്പറേഷന്‍സ് (ഐഎഫ്എസ്‌സിഒ) യൂണിറ്റാണ് രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.
വലിയ ശമ്പള വാഗ്ദാനങ്ങള്‍ നല്‍കി വിദേശത്തേക്ക് കൊണ്ടുപോയ യുവാക്കളെയാണ് തട്ടിപ്പ് സംഘങ്ങള്‍ സൈബര്‍ അടിമകളാക്കി മാറ്റിയത്. ദിവസവും 15 മണിക്കൂര്‍ വീതം അടച്ചിട്ട മുറികളില്‍ ജോലി ചെയ്യേണ്ടി വരികയും, എതിര്‍ക്കുന്നവര്‍ക്ക് ശിക്ഷയും ശമ്പളവെട്ടലും നേരിടേണ്ടി വരികയുമായിരുന്നു. ഡോര്‍മിറ്ററിയില്‍ കഴിയാന്‍ നിര്‍ബന്ധിതരായ ഇവര്‍ക്ക് പുറത്തുപോകുന്നതിന് അനുമതിയില്ലായിരുന്നു. മോചിതരില്‍ ഉള്‍പ്പെട്ട ഡല്‍ഹി സ്വദേശിയായ ഇന്‍തിയാസിനെ ബാങ്കോക്കില്‍ നിന്ന് മ്യാന്‍മര്‍ അതിര്‍ത്തിയിലേക്കാണ് സംഘം കൊണ്ടുപോയത്. ഒരു സ്ത്രീയായി അഭിനയിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ളവര്‍ക്ക് ചാറ്റ് വഴി കുടുക്കുകളൊരുക്കുക, വ്യാജ നിക്ഷേപ പദ്ധതികളിലേക്ക് ആളുകളെ ആകര്‍ഷിക്കുക, സൈബര്‍ അറസ്റ്റുകളിലേക്ക് തള്ളിവിടുക എന്നീ ജോലികളാണ് ഇവരെക്കൊണ്ട് ചെയ്യിപ്പിച്ചിരുന്നത്. ഇതിനായി ഭാഷകള്‍ വിവര്‍ത്തനം ചെയ്യാനുളള ആപ്പുകളും സംഘങ്ങള്‍ നല്‍കിയിരുന്നു.
ഇത്തരം തട്ടിപ്പ് കേന്ദ്രങ്ങളില്‍ ഇന്ത്യക്കാരോടൊപ്പം പാകിസ്താന്‍, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരന്മാരും അടിമപ്പണിക്ക് ഇരയാകുന്നുണ്ടെന്ന് അന്വേഷണത്തില്‍ വ്യക്തമായി. മ്യാന്‍മര്‍ മിലിറ്ററി സംഘം നടത്തിയ റെയ്ഡിലൂടെയാണ് ഇവരുടെ ദുരവസ്ഥ പുറംലോകം അറിഞ്ഞത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം തുടരുന്നതായി പോലിസ് അറിയിച്ചു.