'എന്റെ മകന്‍ പാവമായിരുന്നു, ഷിംജിതയെ പിടികൂടണം, നീതി ലഭിക്കണം; ദീപക്കിന്റെ മാതാപിതാക്കള്‍
കോഴിക്കോട്: ബസില്‍ വീഡിയോ ചിത്രീകരിച്ച് ഇന്‍സ്റ്റഗ്രാം വഴി അധിക്ഷേപിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് സ്വദേശി ദീപക്ക് ജീവനൊടുക്കിയ സംഭവത്തില്‍ നീതി ലഭിക്കണമെന്ന് മാതാപിതാക്കള്‍. തന്റെ മകന്‍ പാവമായിരുന്നുവെന്നും ഒരു പെണ്ണിനോടും മോശമായി പെരുമാറിയിട്ടില്ലെന്നും ഒരമ്മയ്ക്കും അച്ഛനും ഈ അവസ്ഥയുണ്ടാകരുതെന്നും ദീപക്കിന്റെ മാതാവ് കന്യക മാധ്യമങ്ങളോട് പറഞ്ഞു
'ഒരമ്മയ്ക്കുമിങ്ങനെ ഉണ്ടാകരുത്. ആര്‍ക്കും സഹിക്കാന്‍ പറ്റില്ല. എന്റെ മകന്‍ പാവമായിരുന്നു. അവന്‍ പേടിച്ചു പോയി. ഒരു പെണ്ണിനോടും, ആരോടും അവന്‍ മോശമായി പെരുമാറിയിട്ടില്ല. മുഖം കറുപ്പിച്ച് സംസാരിച്ചിട്ടില്ല. നല്ല മോനാണെന്ന് എല്ലാവരും പറയുമായിരുന്നു', മാതാവ് പറഞ്ഞു. ഷിംജിതയെ പിടി കൂടണമെന്നും എങ്കിലേ നീതി കിട്ടുകയുള്ളുവെന്നും ദീപക്കിന്റെ അച്ഛന്‍ ജോയി. ശിക്ഷ വാങ്ങി കൊടുക്കണം. മകന്റെ ജീവിതമാണ് ഇല്ലാതാക്കിയത്. പ്രതിയെ പിടികൂടി കൃത്യമായ നടപടിയെടുക്കണമെന്ന് പിതാവ് പറഞ്ഞു.
അതേസമയം, യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച വടകര സ്വദേശി ഷിംജിതയ്ക്കെതിരേ ഇന്നലെ പോലിസ് കേസെടുത്തിരുന്നു. ദീപക്കിന്റെ മാതാവ് നല്‍കിയ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരേ പുതിയ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം. ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജ് പോലിസ് തെരച്ചില്‍ തുടങ്ങി. ഭാരതീയ ന്യായ സംഹിത(ബിഎന്‍എസ്) 108 പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയത്. പത്തു വര്‍ഷം വരെ തടവും പിഴയും ശിക്ഷ ലഭിക്കാവുന്ന വകുപ്പാണിത്. ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനും യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാനുമാണ് നീക്കം. ഇന്‍സ്റ്റഗ്രാം വിവരങ്ങള്‍ ശേഖരിക്കാനായി സൈബര്‍ പോലിസിന്റെ സഹായം തേടി.
കണ്ണൂരിലേക്കുള്ള യാത്രയില്‍ ബസില്‍വെച്ച് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് അപമര്യാദയായി പെരുമാറിയെന്നായിരുന്നു വീഡിയോ സഹിതം യുവതി സമൂഹമാധ്യമത്തില്‍ ആരോപണം ഉന്നയിച്ചത്. വീഡിയോ വ്യാപകമായി പ്രചരിക്കുകയും ദീപക്കിനെതിരേ വ്യാപക സൈബര്‍ ആക്രമണം നടക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ ദീപക് മാനസികമായി തകര്‍ന്ന അവസ്ഥയിലായിരുന്നു. ഞായറാഴ്ചയായിരുന്നു ദീപക്കിനെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
ദീപക്കിന്റെ മരണത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെട്ടിട്ടുണ്ട്. സംഭവം നോര്‍ത്ത് സോണ്‍ ഡിഐജി അന്വേഷിക്കണമെന്നാണ് മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. അന്വേഷണ റിപോര്‍ട്ട് ഒരാഴ്ചയ്ക്കകം സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടു. ഫെബ്രുവരി 19ന് കോഴിക്കോട് പൊതുമരാമത്ത് റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിങ്ങില്‍ കേസ് പരിഗണിക്കും.

