'മകള്‍ക്ക് നീതി വേണം, പക്ഷെ എന്നെ അവര്‍ കൈയ്യേറ്റം ചെയ്തു'; പ്രതിഷേധത്തിനിടെ പോലിസ് തന്നോട് അതിക്രമം കാട്ടിയെന്ന് കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയുടെ മാതാവ്
കൊല്‍ക്കത്ത: പോലിസ് സേന തന്നെ കൈയേറ്റം ചെയ്തതായി ആരോപിച്ച് കൊല്‍ക്കത്തയില്‍ ബലാല്‍സംഗം ചെയ്യപ്പെട്ട് കൊല്ലപ്പെട്ട ആര്‍ജി കര്‍ മെഡിക്കല്‍ കോളജ് വിദ്യാര്‍ഥിനിയുടെ മാതാവ്. പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെ വനിതാ പോലിസ് ഉദ്യോഗസ്ഥര്‍ തന്നെ മര്‍ദ്ദിച്ചതായി അവര്‍ ആരോപിച്ചു.
'എന്തിനാണ് അവര്‍ ഞങ്ങളെ ഇങ്ങനെ തടയുന്നത്? ഞങ്ങള്‍ക്ക് വേണ്ടത് എന്റെ മകള്‍ക്ക് നീതി തേടുക എന്നതാണ്,' അവര്‍ പറഞ്ഞു.
ആര്‍ജി കര്‍ ആശുപത്രിയില്‍ ട്രെയിനി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിന്റെ ഒരു വര്‍ഷം തികയുന്ന വേളയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് സംഭവം. പ്രതിഷേധത്തില്‍, ബിജെപി പ്രവര്‍ത്തകരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടി.ബംഗാള്‍ പോലീസ് പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തി വീശി.സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിന് മുഖ്യമന്ത്രി മമത ബാനര്‍ജി രാജിവയ്ക്കണമെന്ന് റാലിയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.
2024 ഓഗസ്റ്റ് 9നാണ് കൊല്‍ക്കത്തയിലെ ആര്‍ജി കര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സെമിനാര്‍ ഹാളില്‍ 31 കാരിയായ ട്രെയിനി ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ട്രെയിനി ഡോക്ടറെ ബലാല്‍സംഗത്തിന് ശേഷം കൊലപ്പെടുത്തിയെന്നാണ് കേസ്. കേസില്‍ കൊല്‍്ക്കത്ത പോലിസിലെ സിവിക് വോളന്റിയറായ സഞ്ജയ് റോയിയെ ആഗസ്റ്റ് 10 ന് അറസ്റ്റ് ചെയ്തു. ഇരയുടെ മൃതദേഹത്തിന് സമീപത്ത് നിന്ന് ലഭിച്ച ബ്ലൂടൂത്ത് ഇയര്‍ഫോണ്‍ സെറ്റിലൂടെയാണ് പോലിസ് പ്രതിയെ തിരിച്ചറിഞ്ഞത്. സഞ്ജയ് റോയ് സെമിനാര്‍ ഹാളിലേക്ക് പ്രവേശിക്കുന്നത് സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു.
