ഇനി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനില്ലെന്ന പ്രഖ്യാപനവുമായി എം വി ശ്രേയാംസ്‌കുമാര്‍

ആര്‍ജെഡി എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍

Update: 2026-02-10 03:34 GMT

കോഴിക്കോട്: അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്ന പരാതിയുണ്ടെങ്കിലും ആര്‍ജെഡി എല്‍ഡിഎഫില്‍ തന്നെ തുടരുമെന്ന് സംസ്ഥാന പ്രസിഡന്റ് എം വി ശ്രേയാംസ്‌കുമാര്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ മുന്നണിക്കുള്ളില്‍ നിന്നുതന്നെ ഉണ്ടായ അച്ചടക്കരാഹിത്യമാണ് പാര്‍ട്ടിയുടെ പരാജയകാരണമെന്നും അദ്ദേഹം പറഞ്ഞു. മുന്നണി വിടണമെന്ന് പാര്‍ട്ടിയില്‍ ഒരുവിഭാഗം ആവശ്യപ്പെടുന്നതിനിടെയാണ് ശ്രേയാംസ്‌കുമാര്‍ വാര്‍ത്തസമ്മേളനത്തില്‍ ഇക്കാര്യം വ്യക്തമാക്കിയത്.

അധികാരത്തിലെത്താന്‍ ഏത് മാര്‍ഗവും സ്വീകരിക്കുന്നത് ഭൂഷണമല്ല. ഇത്തവണ തന്നോട് വടകരയില്‍ മല്‍സരിക്കുമോയെന്ന് മുന്നണി അന്വേഷിച്ചിരുന്നു. എന്നാല്‍, ഇനി രാഷ്ട്രീയത്തിലുണ്ടാകുമെങ്കിലും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നാണ് തീരുമാനം. രാജ്യസഭ സീറ്റ് ആവശ്യപ്പെടുമോയെന്ന ചോദ്യത്തില്‍നിന്ന് ശ്രേയാംസ്‌കുമാര്‍ ഒഴിഞ്ഞുമാറി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല തന്റെ വീട്ടില്‍ വന്നത് വിവാദമാക്കേണ്ട കാര്യമില്ല. സൗഹൃദ സന്ദര്‍ശനമായിരുന്നു അത്. ശബരിമല വിഷയവും അമിത ആത്മവിശ്വാസവും തിരിച്ചടിക്ക് കാരണമായിട്ടുണ്ടാകാമെങ്കിലും പ്രധാന പ്രശ്നം അച്ചടക്കമില്ലായ്മയാണ്. പരേതനായ കോടിയേരി ബാലകൃഷ്ണന്‍ ആര്‍ജെഡിക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കാന്‍ ഇന്നത്തെ സിപിഎം നേതൃത്വം തയ്യാറാകണമെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

അര്‍ഹമായ പരിഗണന പാര്‍ട്ടിക്ക് ലഭിക്കുന്നില്ല. തിരുവിതാംകൂര്‍, കൊച്ചി മേഖലകളില്‍ കൂടുതല്‍ സീറ്റുകള്‍ ആര്‍ജെഡിക്ക് അര്‍ഹതയുണ്ട്. എന്നാല്‍ പാര്‍ട്ടിയുടെ ശക്തിക്കനുസരിച്ചുള്ള സീറ്റുകള്‍ ഇപ്പോള്‍ ലഭിക്കുന്നില്ല. ഇടതുമുന്നണിയില്‍ സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് വലിയ പ്രസക്തിയുണ്ടെന്നും എന്നാല്‍ ആര്‍ജെഡി നിലവില്‍ അനീതി നേരിടുകയാണെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലെ കാലുവാരല്‍, തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പ്രവര്‍ത്തകര്‍ പലയിടത്തും ആര്‍ജെഡി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാന്‍ വോട്ട് മറിച്ചുകുത്തി. എല്‍ഡിഎഫ് നേതാക്കള്‍ പലയിടത്തും വിമതരേയും സ്വതന്ത്രരേയും പിന്തുണച്ചപ്പോള്‍ ആര്‍ജെഡി കൃത്യമായ മുന്നണി മര്യാദ കാട്ടിയെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു. മുന്നണിയില്‍ നാലാം സ്ഥാനക്കാരായ ആര്‍ജെഡിയെ തീര്‍ത്തും അവഗണിക്കുന്ന നിലപാടാണെന്ന് പാര്‍ട്ടി സെക്രട്ടറി ജനറല്‍ വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി. കഴിഞ്ഞ തവണത്തെ പോരായ്മ പരിഹരിച്ച് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നല്‍കാമെന്ന് നേരത്തെ നല്‍കിയ ഉറപ്പ് പാലിക്കണം. തങ്ങളും സിപിഎമ്മും മാത്രം വിചാരിച്ചാല്‍ ജയിക്കുന്ന സീറ്റുകള്‍ കേരളത്തിലുണ്ടെന്നും വര്‍ഗീസ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു.

Tags: