തിരുവനന്തപുരം: സിപിഎം വിട്ട് കോണ്‍ഗ്രസിലേക്ക് പോയ ഐഷ പോറ്റിയെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേന്ദ്രസര്‍ക്കാരിനെതിരേയുള്ള ധര്‍ണ ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. അവസരവാദപരമായ നിലപാട് ആണ് ഐഷ പോറ്റി എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടി മീറ്റിങില്‍ പങ്കെടുക്കാതിരിക്കുന്നതിന് കാരണമായി അസുഖം എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ സത്യം എന്താണെന്ന് ഇപ്പോള്‍ മനസിലായെന്നും അദ്ദേഹം പറഞ്ഞു.
അധികാരത്തിന്റെ അപ്പകഷ്ണത്തിനു പുറകെ പോയ നിലപാടാണ് ഐഷ പോറ്റിയുടേതെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. വിസ്മയം തീര്‍ക്കാന്‍ പ്രായമുള്ളവരെ തപ്പിയിറങ്ങിയിരിക്കുകയാണ് കോണ്‍ഗ്രസ് എന്നും ഒരു വിസ്മയവും ഇവിടെ നടക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു വര്‍ഗത്തെ വഞ്ചിക്കുന്ന നിലപാടാണ് ഐഷ പോറ്റിയുടേതെന്നും അദ്ദേഹം വിമര്‍ശിച്ചു.