തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണിശങ്കര്‍ അയ്യരുടെ പ്രതികരണത്തെ പ്രശംസിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. 'വിഷന്‍ 2031'ല്‍ മണിശങ്കര്‍ അയ്യരുടേത് ശ്രദ്ധേയമായ അവതരണമായി മാറിയെന്ന് ഗോവിന്ദന്‍ പറഞ്ഞു.ഗാന്ധി കണ്ട ദര്‍ശനം യാഥാര്‍ഥ്യമാക്കിയത് ഇടതുപക്ഷമെന്നാണ് മണിശങ്കര്‍ പറഞ്ഞത്. അതുകൊണ്ട് അദ്ദേഹത്തിനെതിരെ പല നുണകളും കോണ്‍ഗ്രസ് പറയും. രമേശ് ചെന്നിത്തല മാത്രമല്ല പ്രതിപക്ഷ നേതാവും അദ്ദേഹത്തെ പരിഹസിക്കുമെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു.
ചലച്ചിത്ര അക്കാദമി മുന്‍ ചെയര്‍മാന്‍ പ്രേംകുമാറുമായുള്ള പിണക്കം ഒഴിവാക്കാന്‍ പാര്‍ട്ടി ശ്രമിക്കുമെന്ന് എം വി ഗോവിന്ദന്‍ വ്യക്തമാക്കി. പ്രേംകുമാര്‍ പാര്‍ട്ടി അംഗമല്ല. പിണക്കം ഒഴിവാക്കാന്‍ പാര്‍ട്ടി ശ്രമിക്കും. പിണങ്ങിയേ അടങ്ങൂവെന്ന് വെച്ചാല്‍ എന്ത് ചെയ്യും. പിണങ്ങി പോകുന്നവരെയെല്ലാം പിടിച്ച് നിര്‍ത്താനാവില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
അതേസമയം മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ പേഴ്സണല്‍ സ്റ്റാഫ് ആയിരുന്ന എ സുരേഷ് യുഡിഎഫ് സ്വതന്ത്രനായി മലമ്പുഴയില്‍ മല്‍സരിച്ചേക്കുമെന്ന വാര്‍ത്തയോടും ഗോവിന്ദന്‍ പ്രതികരിച്ചു. എ സുരേഷിനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതാണ്. അല്ലാതെ അയാള്‍ മനംമടുത്ത് പോയതല്ല. മലമ്പുഴയില്‍ സുരേഷിന് സിപിഎമ്മിന്റെ ഒരു വോട്ടും കിട്ടില്ലെന്നും ഗോവിന്ദന്‍ പറഞ്ഞു.