ഉമീദ് പോര്‍ട്ടലില്‍ സാങ്കേതികപ്രശ്‌നങ്ങള്‍ ഏറെ, സുപ്രിംകോടതിയെ സമീപിച്ച് മുതവല്ലി

Update: 2025-12-07 09:49 GMT

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉമീദ് പോര്‍ട്ടല്‍ വഖ്ഫ് രജിസ്‌ട്രേഷന് ഗുരുതരമായ തടസ്സമായി മാറിയിരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശില്‍ നിന്നുള്ള മുതവല്ലി സുപ്രിംകോടതിയെ സമീപിച്ചു. പോര്‍ട്ടല്‍ പിഴവുകള്‍ നിറഞ്ഞതാണെന്നും രാജ്യത്തുടനീളമുള്ള വഖ്ഫ് മാനേജര്‍മാരുടെ ജീവിതം അങ്ങേയറ്റം ദുഷ്‌കരമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

1995 ലെ ഏകീകൃത വഖഫ് മാനേജ്മെന്റ് എംപവര്‍മെന്റ് എഫിഷ്യന്‍സി ആന്‍ഡ് ഡെവലപ്മെന്റ് ആക്ടിന്റെ സെക്ഷന്‍ 3ബി പ്രകാരം എല്ലാ വഖ്ഫ് രേഖകളും പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്യുന്നത് നിര്‍ബന്ധമാക്കുന്ന നിയമത്തെ ചോദ്യം ചെയ്ത് ആര്‍ട്ടിക്കിള്‍ 32 പ്രകാരമാണ് ഹരജി സമര്‍പ്പിച്ചിരിക്കുന്നത്.

രേഖകളും വിവരങ്ങളും അപ്ലോഡ് ചെയ്യുന്നതില്‍ നിന്ന് തടയുന്ന നിരവധി സാങ്കേതിക പ്രശ്നങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു. വഖ്ഫ് നിയമങ്ങളുമായും പല സംസ്ഥാനങ്ങളുടെയും, പ്രത്യേകിച്ച് മധ്യപ്രദേശിന്റെ പ്രവര്‍ത്തന സംവിധാനവുമായും പോര്‍ട്ടല്‍ പൊരുത്തപ്പെടുന്നില്ലെന്നും ഇത് ഈ ദൗത്യം മിക്കവാറും അസാധ്യമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ''നമ്മുടെ സംസ്ഥാനത്ത് വഖ്ഫ് പ്രവര്‍ത്തനങ്ങള്‍ എങ്ങനെ നടക്കുന്നുവെന്ന് സിസ്റ്റത്തിന് മനസ്സിലാകുന്നില്ല. പ്രവര്‍ത്തിക്കാത്ത ഒരു ഉപകരണം ഉപയോഗിക്കാന്‍ ഞങ്ങളെ നിര്‍ബന്ധിക്കുന്നത് അന്യായമാണ്,'' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ആഴ്ചയാണ് വഖ്ഫ് വിശദാംശങ്ങള്‍ അപ്ലോഡ് ചെയ്യുന്നതിനുള്ള മൊത്തത്തിലുള്ള സമയപരിധി നീട്ടാന്‍ സുപ്രിംകോടതി വിസമ്മതിച്ചത്. കൂടുതല്‍ സമയം ആവശ്യമുള്ള വഖ്ഫ് സ്ഥാപനങ്ങള്‍ക്ക് അവരുടെ പ്രാദേശിക വഖ്ഫ് ട്രൈബ്യൂണലിനോട് ആവശ്യപ്പെടാമെന്ന് കോടതി പറഞ്ഞു. എന്നാല്‍ ഇപ്പോള്‍, പോര്‍ട്ടലിന്റെ സാങ്കേതിക പിഴവുകളിലേക്ക് വിരല്‍ ചൂണ്ടുന്ന ഈ പുതിയ ഹരജിയോടെ, വിഷയം വീണ്ടും ദേശീയ ശ്രദ്ധ നേടിയിരിക്കുകയാണ്.

Tags: