വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി നീട്ടണമെന്ന ആവശ്യവുമായി മുതവല്ലികള്‍

Update: 2025-10-10 09:02 GMT

ലഖ്‌നോ: എല്ലാ വഖ്ഫ് സ്വത്തുക്കളുടെയും ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സര്‍ക്കാര്‍ നിര്‍ബന്ധമാക്കിയതോടെ ആശങ്കയില്‍ യുപിയിലെ മുതവല്ലികള്‍. പുതുതായി നടപ്പിലാക്കിയ വഖഫ് ഭേദഗതി നിയമപ്രകാരം വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള സമയപരിധി ഡിസംബര്‍ അഞ്ച് വരെയാണ്. എന്നാല്‍ ഈ സമയം കുറവാണെന്നും അതിനുള്ളില്‍ വഖ്ഫ് സ്വത്തുക്കള്‍ രജിസ്റ്റര്‍ ചെയ്തുകഴിയില്ലെന്നും അവര്‍ പറയുന്നു. പലയിടത്തും, പ്രത്യേകിച്ച് ഗ്രാമീണമേഖലകളില്‍ ഇന്റര്‍നെറ്റ് സൗകര്യത്തിന്റെ അഭാവം രജിസ്‌ട്രേഷന്‍ നടപടികള്‍ ബുദ്ധിമുട്ടിലാക്കുന്നു എന്ന് അവര്‍ ചൂണ്ടിക്കാട്ടി.

'ഈ പോര്‍ട്ടല്‍ എങ്ങനെ ഉപയോഗിക്കണമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. ഞങ്ങളില്‍ മിക്കവര്‍ക്കും സ്മാര്‍ട്ട്ഫോണുകളോ ഇന്റര്‍നെറ്റ് ആക്സസ്സോ ഇല്ല,'സര്‍ക്കാര്‍ ഞങ്ങളുടെ സാഹചര്യം മനസ്സിലാക്കി കൂടുതല്‍ സമയം നല്‍കണം.' ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ നിന്നുള്ള മുതവല്ലിക്കാരനായ മുഹമ്മദ് അസ്ലം പറഞ്ഞു.

സുന്നി വഖ്ഫ് ബോര്‍ഡ് ലഖ്നൗവിലെ ഇസ്ലാമിക് സെന്റര്‍ ഓഫ് ഇന്ത്യയില്‍ ഒരു ഹെല്‍പ്പ് ഡെസ്‌ക് സ്ഥാപിച്ചിട്ടുണ്ട്. ഡിസംബര്‍ 5 വരെ ഈ സൗകര്യം തുറന്നിരിക്കും, കൂടാതെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പ്രക്രിയയില്‍ മുതവല്ലികളെ സഹായിക്കുന്നതിന് സാങ്കേതിക വിദഗ്ധരുടെ സേവനവും ഇവിടെ ലഭ്യമാണ്.

'സാങ്കേതിക പ്രശ്നങ്ങള്‍ കാരണം ഒരു സ്വത്തും രജിസ്റ്റര്‍ ചെയ്യപ്പെടാതെ പോകരുത് എന്നതാണ് ഞങ്ങളുടെ ലക്ഷ്യം,' ഇസ്ലാമിക് സെന്റര്‍ ഓഫ് ഇന്ത്യയുടെ ചെയര്‍മാന്‍ ഡോ. ഖാലിദ് റഷീദ് പറഞ്ഞു. ഉത്തര്‍പ്രദേശ് ഷിയ സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡിന് ഏകദേശം 15,386 സ്വത്തുക്കളാണുള്ളത്, എന്നാല്‍ ഇതുവരെ 100 എണ്ണം മാത്രമേ രജിസ്റ്റര്‍ ചെയ്തിട്ടുള്ളൂ. 120,451 സ്വത്തുക്കളുള്ള സുന്നി സെന്‍ട്രല്‍ വഖ്ഫ് ബോര്‍ഡിന് 150 എണ്ണം മാത്രമേ രജിസ്റ്റര്‍ ചെയ്യാന്‍ കഴിഞ്ഞുള്ളൂ. ഈ പ്രക്രിയ സങ്കീര്‍ണ്ണവും പുതിയതുമാണ്. ഇത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയധികം സ്വത്തുക്കള്‍ എങ്ങനെ രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമെന്ന് മുതവല്ലിമാര്‍ ചോദിക്കുന്നു. സര്‍ക്കാര്‍ കുറഞ്ഞത് രണ്ട് വര്‍ഷത്തേക്ക് സമയപരിധി നീട്ടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതായത്, അടിയന്തര സര്‍ക്കാര്‍ ഇടപെടലും സമയപരിധി നീട്ടലും ഇല്ലെങ്കില്‍, നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഇസ്ലാമിക പൈതൃകത്തിന്റെ പ്രതീകങ്ങളായ അവരുടെ സ്വത്തുക്കള്‍ അനിശ്ചിതത്വത്തിലാകുമെന്ന ആശങ്കയിലാണ് പലരും.

Tags: