ബിജെപിക്ക് വോട്ടു ചെയ്ത് മുസ് ലിം ലീഗ് അംഗം
കാസര്‍ക്കോട്ട് പൈവളികെ പഞ്ചായത്തില്‍ ബിജെപിക്ക് സ്റ്റാന്‍ഡിങ് കമ്മിറ്റി, തോല്‍പ്പിച്ചത് സിപിഎം അംഗത്തെ
കാസര്‍ക്കോട്: കാസര്‍ക്കോട് പൈവളികെ പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു ചെയ്ത് മുസ് ലിം ലീഗ് അംഗം. പൈവളികെ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമിറ്റി തിരഞ്ഞെടുപിലാണ് മുസ് ലിം ലീഗ് അംഗം ബിജെപിക്ക് വോട്ട് രേഖപ്പെടുത്തിയത്. കടങ്കൊടി വാര്‍ഡില്‍ നിന്ന് ജയിച്ച മൈമൂനത്തുല്‍ മിസ്രിയയാണ് ബിജെപി അംഗത്തിന് വോട്ടു നല്‍കിയത്. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയുടെ ചെയര്‍പേഴ്‌സണായി ബിജെപിയുടെ സുമന ജി ഭട്ട് വിജയിച്ചു.
സിപിഎമ്മിന്റെ ദിനേശ്വരി നാഗേഷിനെതിരേയാണ് സുമന ജി ബട്ട് വിജയിച്ചത്. സുമന ബട്ട് മൂന്നു വോട്ടും ദിനേശ്വരി നാഗേഷ് രണ്ടു വോട്ടും നേടി. തുടര്‍ന്ന് സുമന ബട്ടിനെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമിറ്റി ചെയര്‍പേഴ്‌സണായി തിരഞ്ഞെടുക്കുകയായിരുന്നു. പൈവളികെ ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ ആകെയുള്ള അഞ്ച് അംഗങ്ങളില്‍ രണ്ടു വീതം എല്‍ഡിഎഫിനും ബിജെപിക്കും ഒരംഗം യുഡിഎഫിനുമാണുണ്ടായത്. ഈയൊരു യുഡിഎഫ് അംഗം തന്റെ വോട്ട് ബിജെപിക്ക് രേഖപ്പെടുത്തിയതോടെ എല്‍ഡിഎഫിനെ പരാജയപ്പെടുത്തി ബിജെപി അധ്യക്ഷ സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
സ്റ്റാന്‍ഡിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പില്‍ നേരത്തെ നാല് യുഡിഎഫ് അംഗങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തിരുന്നു. ആകെ 21 അംഗങ്ങളില്‍ യുഡിഎഫിന് ഒന്‍പത് എല്‍ഡിഎഫിന് ഏഴ് ബിജെപിക്ക് അഞ്ച് എന്നിങ്ങനെയായിരുന്നു കക്ഷി നില. യുഡിഎഫ് അംഗങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്തതോടെ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റിയില്‍ എല്‍ഡിഎഫിന് ഭൂരിപക്ഷം നഷ്ടമായി. അപ്പോള്‍ മുതല്‍ പഞ്ചായത്തില്‍ കോണ്‍ഗ്രസ്-ലീഗ്-ബിജെപി സഖ്യമാണെന്ന ആക്ഷേപവുമായി എല്‍ഡിഎഫ് രംഗത്തു വന്നിരുന്നു. ഇതിനു പിന്നാലെയാണ് അധ്യക്ഷ തിരഞ്ഞെടുപ്പിലും മുസ് ലിം ലീഗ് അംഗം ബിജെപിക്ക് അനുകൂലമായി വോട്ട് ചെയ്തത്.
