ബുള്‍ഡോസര്‍രാജില്‍ ശൈത്യകാലത്തിന്റെ ദുരിതങ്ങള്‍ പേറി അസിലെ മുസ് ലിം കുടുംബങ്ങള്‍

Update: 2025-12-05 09:32 GMT

നാഗാവ്: ബുള്‍ഡോസര്‍രാജില്‍ ശൈത്യകാലത്തിന്റെ ദുരിതങ്ങള്‍ പേറി അസിലെ മുസ് ലിം കുടുംബങ്ങള്‍. അസമിലെ നാഗാവ് ജില്ലയിലെ ലുട്ടുമാരി വനമേഖലയില്‍ അടുത്തിടെ നടന്ന ഒരു ബുള്‍ഡോസര്‍ ഓപറേഷനില്‍ നിരവധി മുസ് ലിം കുടുംബങ്ങളുടെ വീടുകളാണ് തകര്‍ക്കപ്പെട്ടത്. നിരവധിയാളുകള്‍ ഭവനരഹിതരായി. എന്നാല്‍ വീടില്ലാതെ ജിവിക്കേണ്ടിവരുന്ന പലരും കുഞ്ഞുങ്ങളടക്കമുള്ളവര്‍ക്ക് തണുപ്പ് സഹിക്കാനാകുന്നില്ലെന്ന് വെളിപ്പെടുത്തുന്നു. മതിയായ ഭക്ഷണമോ വെള്ളമോ അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുരിത ജീവിതം നയിക്കുകയാണ് പലരും.

സര്‍ക്കാര്‍ മനപൂര്‍വ്വം മുസ് ലിംകളെ ലക്ഷ്യമിടുകയാണെന്ന് മുതിര്‍ന്ന എഐയുഡിഎഫ് നിയമസഭാംഗം ഹാജി അമിനുള്‍ ഇസ് ലാം പറഞ്ഞു. 'വീടുകള്‍ തകര്‍ന്ന ആളുകളുടെ അവസ്ഥ വളരെ മോശമാണ്. മേല്‍ക്കൂരയില്ലാതെയുള്ള ജീവിതം അസഹനീയമാണ്. ഭക്ഷണവുമായി സഹായിക്കാന്‍ വരുന്നവരെ പോലും അവര്‍ ആട്ടിയോടിക്കുന്നു,' അമിനുള്‍ ഇസ് ലാം പറഞ്ഞു.

മുസ്ലിം നിവാസികളെ മാത്രം ലക്ഷ്യം വച്ചാണ് ഇവിടെ കട്ടിടങ്ങള്‍ പൊളിച്ചുമാറ്റിയതെന്നും അവര്‍ക്ക് മനുഷ്യരെപ്പോലെ ജീവിക്കാനുള്ള അവസരം പോലും നല്‍കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ദുരിതബാധിത കുടുംബങ്ങളുടെ രേഖകള്‍ അടിയന്തരമായി അന്വേഷിക്കണമെന്ന് അദ്ദേഹം അസം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഇവരെല്ലാം ഇന്ത്യന്‍ പൗരന്മാരാണ്, ഈ രാജ്യത്ത് ജീവിക്കാന്‍ എല്ലാ അവകാശവുമുണ്ട്. ഇതൊക്കെയാണെങ്കിലും, അവര്‍ക്ക് താമസം, ഭക്ഷണം തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ നിഷേധിക്കപ്പെടുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ പ്രസിഡന്റും മനുഷ്യാവകാശ സംഘടനകളും വിഷയത്തില്‍ ഇടപെടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: