എക്‌സിനെതിരെ സംഘടിത സൈബര്‍ ആക്രമണമെന്ന് ഇലോണ്‍ മസ്‌ക്

Update: 2025-03-11 02:54 GMT

വാഷിങ്ടണ്‍: സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ പ്രവര്‍ത്തനം നിലച്ചതില്‍ ഗൂഡാലോചനയുണ്ടെന്ന് ഉടമയും വ്യവസായിയുമായ ഇലോണ്‍ മസ്‌ക്. തിങ്കളാഴ്ച 'എക്‌സ്' വലിയ സൈബര്‍ ആക്രമണം നേരിട്ടതിനെ തുടര്‍ന്നാണു പ്രവര്‍ത്തനം മുടങ്ങിയതെന്നും ഇതിനുപിന്നില്‍ സംഘടിതശക്തി ഉണ്ടെന്നും മസ്‌ക് പറഞ്ഞു.

''എക്‌സിനെതിരെ വലിയ സൈബര്‍ ആക്രമണം ഉണ്ടായി, ഇപ്പോഴുമുണ്ട്. ഞങ്ങള്‍ ദിവസവും ആക്രമിക്കപ്പെടുന്നു. ധാരാളം സന്നാഹങ്ങള്‍ ഉപയോഗിച്ചാണ് ഇതു ചെയ്തത്. ഒന്നുകില്‍ വലിയ, ഏകോപിത സംഘം അല്ലെങ്കില്‍ ഒരു രാജ്യം ഇതിനു പിന്നിലുണ്ട്''-മസ്‌ക് പറഞ്ഞു. കഴിഞ്ഞദിവസം മൂന്നു തവണ എക്‌സ് തടസ്സപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. ഓരോ തടസ്സവും ഒരു മണിക്കൂറോളം നീണ്ടു. ഇന്ത്യയില്‍ ഇപ്പോഴും എക്‌സ് തടസങ്ങള്‍ നേരിടുന്നുണ്ട്.