മാലിന്യ ടാങ്കില്‍ കൊന്നു തള്ളിയത് 61കാരിയെ; ചെവി മുറിച്ച നിലയില്‍, കവര്‍ന്നത് 12 പവന്‍
കോതമംഗലം: ഊന്നുകല്ലിന് സമീപം ആള്‍ത്താമസമില്ലാത്ത വീടിന്റെ മാലിന്യ ടാങ്കിനുള്ളില്‍ ഒളിപ്പിച്ച മൃതദേഹം തിരിച്ചറിഞ്ഞു. പെരുമ്പാവൂര്‍ വേങ്ങൂര്‍ ദുര്‍ഗാദേവി ക്ഷേത്രത്തിന് സമീപം കുന്നത്തുതാഴെ ബേബിയുടെ ഭാര്യ ശാന്ത(61)യാണ് കൊല്ലപ്പെട്ടത്. നേര്യമംഗലത്ത് വാടകയ്ക്ക് താമസിക്കുന്ന അടിമാലി സ്വദേശി പാലക്കാട്ടേല്‍ രാജേഷാണ് കൊലപാതകത്തിന് പിന്നിലെന്ന് പോലിസ് പറഞ്ഞു. പ്രതിക്കായി പ്രത്യേക അന്വേഷണ സംഘം ഊര്‍ജിതമായ തിരച്ചില്‍ നടത്തുന്നു.
അടച്ചിട്ടിരിക്കുന്ന ഹോട്ടലിന്റെ പിന്നിലെ വീട്ടില്‍ വെള്ളിയാഴ്ച ഉച്ചയ്ക്കാണ് മൃതദേഹം കണ്ടെത്തിയത്. പെരുമ്പാവൂര്‍ സ്വദേശിയായ വൈദികന്റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ഹോട്ടലും വീടും. വീടിന്റെ അടുക്കള ഭാഗത്തെ വര്‍ക്ക് ഏരിയയിലെ ടാങ്കിലാണ് മൃതദേഹം കണ്ടെത്തിയത്. ദിവസങ്ങള്‍ക്ക് മുന്‍പ് വീട്ടില്‍ മോഷണശ്രമം നടന്നിട്ടുള്ളതായി ഊന്നുകല്‍ സ്റ്റേഷനില്‍ വൈദികന്‍ പരാതി നല്‍കിയിരുന്നു.
വീട്ടില്‍നിന്നു ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് പോലിസെത്തി പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. വീടിന്റെ വര്‍ക്ക് ഏരിയയുടെ ഗ്രില്‍ തകര്‍ത്ത നിലയിലാണ്. മാന്‍ഹോളില്‍നിന്ന് പുറത്തെടുത്ത മൃതദേഹത്തില്‍ വസ്ത്രങ്ങളോ ആഭരണങ്ങളോ ഉണ്ടായിരുന്നില്ല. ഒരു ചെവി മുറിച്ച നിലയിലായിരുന്നു. ഇവര്‍ ധരിച്ചിരുന്ന 12 പവനോളം സ്വര്‍ണവും നഷ്ടമായിട്ടുണ്ട്. വര്‍ക്ക് ഏരിയയില്‍ വച്ച് കൊലപാതകം നടത്തിയ ശേഷം മൃതദേഹം മാന്‍ഹോളില്‍ ഒളിപ്പിക്കുകയായിരുന്നെന്നാണ് നിഗമനം. ആഗസ്റ്റ് 18 മുതല്‍ ശാന്തയെ കാണാനില്ലെന്ന് കാട്ടി ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നു. ശാന്തയുടെ മക്കള്‍: ബിജിത്ത്, ബിന്ദു, മരുമകള്‍: ഐശ്വര്യ.
